ഫാൽക്കൺ മേള: രണ്ട് ഫാൽക്കണുകളെ ലേലത്തിൽ വിറ്റത് 71,000 റിയാലിന്
text_fieldsറിയാദ്: റിയാദിലെ മൽഹമിൽ നടക്കുന്ന രണ്ടാമത് ഫാൽക്കൺ മേളയിൽ ലേലത്തിൽ വിറ്റുപോകുന്ന പക്ഷികളുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും.
തിങ്കളാഴ്ച നടന്ന ലേലത്തിൽ രണ്ട് ഫാൽക്കണുകൾ വിറ്റുപോയത് 71,000 റിയാലിന്. ഫ്രഞ്ച് എസ്.ബി ഫാൽക്കൺ ഫാമിൽ നിന്നെത്തിയ 'ഫർഖ് ഗിർ ഷഹീൻ' എന്ന ഫാൽക്കണെ 30,000 റിയാലിനും മറ്റൊരു ഫാൽക്കണെ 41,000 റിയാലിനുമാണ് ലേലത്തിൽ പക്ഷിപ്രിയർ സ്വന്തമാക്കിയത്. മേളനഗരിയിൽ എല്ലാ ദിവസവും അരങ്ങേറുന്ന ലേലം വിളിയിൽ നിരവധി പേരാണ് പങ്കെടുക്കുക.
17 രാജ്യങ്ങളിൽനിന്നുള്ള 40 ഫാൽക്കൺ വളർത്തുകേന്ദ്രങ്ങൾ പങ്കെടുക്കുന്ന മേളയിൽ പങ്കെടുക്കുന്ന ഫാൽക്കണുകളുടെ എണ്ണം കൊണ്ട് ലോകത്തെ ഏറ്റവും വലിയ മേളയെന്ന റെക്കോഡ് സ്വന്തമാക്കിക്കഴിഞ്ഞു. സൗദി ഫാൽക്കൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ അമേരിക്ക, ജർമനി, സ്പെയിൻ, മറ്റു ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഫാൽക്കൺ ഫാമുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
സൗദിയുടെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്താനും ലക്ഷ്യം വെച്ചുള്ള മേള ഇതിനകം ആഗോളതലത്തിൽ ശ്രദ്ധേയമായിട്ടുണ്ട്. പ്രാപ്പിടിയൻ പക്ഷിപ്രേമികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുക കൂടി ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്. അന്താരാഷ്ട്ര കമ്പനികളുടെ വൈവിധ്യമാർന്ന 25 പവിലിയനുകളും സന്ദർശകർക്കായി വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സെമിനാറുകൾ, ഭക്ഷ്യമേളകൾ, വിഡിയോ പ്രദർശനങ്ങൾ, വിവിധ വിഷയങ്ങളിൽ പഠനക്ലാസുകൾ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതും വേഗമേറിയതും വിലകൂടിയതുമായ ഫാൽക്കണുകളുടെ അപൂർവ സംഗമം വിസ്മയക്കാഴ്ചയാണ് സന്ദർശകർക്ക് പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.