കരുതലിെൻറ ആകാശത്തേക്ക് ചിറകുവിടർത്തി ഫാൽക്കണുകൾ
text_fieldsദമ്മാം: വംശനാശ ഭീഷണി നേരിടുന്ന ഫാൽക്കണുകളുടെ പരിരക്ഷക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനൊരുങ്ങുകയാണ് സൗദി പരിസ്ഥിതി മന്ത്രാലയം. ഫാൽക്കൺ പിരിഗ്രിനസ്, ലാനാർ ഫാൽക്കൺ തുടങ്ങി വിവിധയിനം ഫാൽക്കണുകളെ വേട്ടയാടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമനിർമാണ നടപടികളും അജണ്ടയിലുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സ്പെഷൽ ഫോഴ്സ്, നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് എന്നിവയുടെ നേതൃത്വത്തിൽ സൗദി ഫാൽക്കൺ ക്ലബിെൻറകൂടി സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാവുന്നത്.
ഫാൽക്കണുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യംവെച്ച് ആദ്യമായാണ് സൗദിയിൽ ഇത്തരത്തിലൊരു പദ്ധതി. പ്രകൃതിയുടെ സ്വാഭാവിക താളം നിലനിർത്താനും സന്തുലിതാവസ്ഥ വീണ്ടെടുക്കാനും മുഖ്യ ഊന്നൽ നൽകുന്ന, മാസങ്ങൾ നീളുന്ന പദ്ധതിക്ക് 'ഹദാദ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പക്ഷിവേട്ട നടത്തുന്നവരെ പ്രത്യേകം ബോധവത്കരിക്കുന്നതടക്കമുള്ള വേറിട്ട പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. ഫാൽക്കൺ സൗഹൃദ ജൈവിക ആവാസവ്യവസ്ഥ തനത് സ്വഭാവത്തിൽ നിലനിർത്തുന്നതിലൂടെയും കൃത്രിമ പ്രജനനം വഴിയും വംശനാശ ഭീഷണി ഒരു പരിധി വരെ തടഞ്ഞുനിർത്താനാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോളതലത്തിലെ കാലാവസ്ഥ വ്യതിയാനവും അനുകൂല ആവാസ വ്യവസ്ഥയുടെ അഭാവവും പക്ഷിവേട്ടയുമാണ് പ്രധാനമായും ഫാൽക്കണുകളുടെ നിലനിൽപ്പിന് ഭീഷണി.
ആകാശത്തിലെ വേഗതയുടെ രാജാവായ ഫാൽക്കൺ പക്ഷികളോടുള്ള അറബികളുടെ അഭിനിവേശം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പരമ്പരാഗത അറബ് ഗ്രാമീണ മരുഭൂ ജീവിതങ്ങളുടെയും പ്രൗഢി നിറഞ്ഞ സാംസ്കാരിക പൈതൃകങ്ങളുടെയും പ്രതീകമായാണ് ഫാൽക്കണുകളെ അറബ് ലോകം വിവക്ഷിക്കുന്നത്. 350 കിലോമീറ്ററോളം വേഗത്തിൽ മണിക്കൂറിൽ സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏക ജീവിയാണ് ഫാൽക്കണുകൾ. മുഴുവനായും 60ലേറെ വ്യതിരിക്ത ഇനങ്ങളുള്ള ഫാല്‍ക്കൊനിഡെ കുടുംബത്തില്‍പ്പെടുന്ന ഫാൽക്കണുകളിൽ, 40ഓളം ഇനങ്ങളാണ് ഇരപിടിയൻ വേട്ടപ്പക്ഷികൾ. ഒതുക്കമുള്ള ശരീരപ്രകൃതി, കൂർത്ത ചിറക്, കൊളുത്തുപോലുള്ള കൊക്ക്, ബ്രൗൺനിറമുള്ള കണ്ണിനു ചുറ്റുമുള്ള വലയങ്ങൾ തുടങ്ങി ഫാൽക്കണുകളുടെ പ്രായം, നിറം, ഇനം എന്നിങ്ങനെ വിവിധ സൗന്ദര്യ മാനദണ്ഡങ്ങൾ അനുസരിച്ച് ആഗോള മാർക്കറ്റിൽ വലിയ ഡിമാൻഡാണ് ഇവക്കുള്ളത്.
അൻറാര്ട്ടിക്കയൊഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഫാല്‍ക്കണുകളുടെ സാന്നിധ്യമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫാല്‍ക്കണുകളെ പരിശീലിപ്പിക്കലും സംരക്ഷിക്കലും വേട്ടക്ക് ഉപയോഗിക്കലും അറബ് ലോകത്ത് വലിയ വിനോദ-വാണിജ്യ സാധ്യതയുള്ള മേഖലയാണ്.
കഴിഞ്ഞ ഒക്ടോബറിൽ 40 ദിവസത്തോളം നീണ്ട, റിയാദിൽ നടന്ന ഫാൽക്കൺ മേളയിൽ ഒരു ലക്ഷം റിയാലിലേറെ വിലക്കാണ് ഏറ്റവും മുന്തിയ ഇനങ്ങളിലൊന്ന് വിറ്റുപോയത്. മന്ത്രാലയം പ്രഖ്യാപിച്ച, ഫാൽക്കൺ സംരക്ഷണത്തിനായുള്ള 'ഹദാദ്' പദ്ധതി യാഥാർഥ്യമാവുന്നതോടെ, ഫാൽക്കണുകൾ വംശനാശ ഭീഷണി നേരിടുന്നെന്ന ആശങ്കൾക്ക് അറുതിയാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.