സ്പോൺസറുടെ വ്യാജ ആരോപണം: മലയാളിക്ക് തുണയായി സൗദി കോടതി
text_fieldsദമ്മാം: സ്പോൺസർ നൽകിയ വ്യാജ ആരോപണ കേസിൽനിന്ന് മലയാളിയെ രക്ഷപ്പെടുത്തി സൗദി കോടതി. മലപ്പുറം തുവ്വൂർ സ്വദേശി ഇജാസ് അഹമ്മദിനാണ് നീതിയുടെ സംരക്ഷണം ലഭിച്ചത്. ശമ്പളം നൽകാതെ ജോലിചെയ്യിപ്പിച്ച സ്പോൺസറിൽ നിന്ന് എക്സിറ്റ് നേടി നാട്ടിൽ പോകാൻ ശ്രമിച്ചതിനാണ് ഇജാസ് അഹമ്മദിനെ കേസിൽ കുരുക്കിയത്. രണ്ടു വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇജാസിന് സ്പോൺസർ നാലു മാസത്തോളം ശമ്പളം നൽകാതായതോടെയാണ് സഹായം തേടി ഇദ്ദേഹം സാമൂഹിക പ്രവർത്തകരെ സമീപിച്ചത്. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിെൻറ നിർദേശപ്രകാരം ഇജാസ് സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്തു. ഷാജി മതിലകത്തോടൊപ്പം സാമൂഹിക പ്രവർത്തകരായ മണിക്കുട്ടനും മഞ്ജുമണിക്കുട്ടനും സഹായത്തിന് ഒപ്പം നിന്നു.
ലേബർ കോടതിയിൽ ഹാജരായ സ്പോൺസർ, ഇജാസിന് താൻ മുഴുവൻ ശമ്പളവും പാസ്പോർട്ടും നൽകിയിട്ടുണ്ടെന്നും എന്നിട്ടും തെൻറ ൈകയിൽനിന്ന് പണം കടം വാങ്ങി തിരിച്ചുതരാതെ മുങ്ങിനടക്കുകയാണെന്നും വാദിച്ചു. ഇജാസിനെതിരെ കേസ് നൽകാനുള്ള പുറപ്പാടിലാണ് താനെന്നും ഇദ്ദേഹം കോടതിയിൽ പറഞ്ഞു. തെളിവിനായി ഇജാസ് ഒപ്പിട്ടതെന്ന് പറഞ്ഞ് കുറെ ഫോട്ടോകോപ്പി രേഖകൾ സ്പോൺസർ കോടതിയിൽ ഹാജരാക്കി. താൻ ഒരു പേപ്പറിലും ഒപ്പിട്ടുകൊടുത്തിട്ടില്ല എന്ന് ഇജാസ് വാദിച്ചു.
സ്പോൺസർ ഹാജരാക്കിയ രേഖകൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കണമെന്നും ആവശ്യെപ്പട്ടു. ഇതിന് കോടതിയിൽ തന്നോടൊപ്പം ഹാജരായ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും ഇജാസിനെ സഹായിച്ചു. ആ വാദം അംഗീകരിച്ച കോടതി, സമർപ്പിച്ച രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ സ്പോൺസറോട് ആവശ്യപ്പെട്ടു. അങ്ങനെ സമർപ്പിക്കുന്ന ഒറിജിനൽ ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോർട്ട് തരാൻ പൊലീസ് ഡിപ്പാർട്മെൻറിനോടും ഉത്തരവിട്ടു. ഇതോടെ തെൻറ വാദം പൊളിഞ്ഞു എന്ന് മനസ്സിലാക്കിയ സ്പോൺസർ, പിറ്റേന്ന് ഇജാസിെൻറ പാസ്പോർട്ട് മാത്രം ലേബർ ഓഫിസിൽ ഹാജരാക്കി പരാജയം സമ്മതിച്ചു.
തുടർന്ന് ലേബർ ഓഫിസർ തർഹീൽ വഴി ഇജാസിന് എക്സിറ്റ് അനുവദിച്ചു. മഞ്ജുവിെൻറ അപേക്ഷയെത്തുടർന്ന് ഇന്ത്യൻ എംബസി, വന്ദേഭാരത് ദമ്മാം -കോഴിക്കോട് വിമാനത്തിൽ, ഇജാസിന് സൗജന്യമായി ടിക്കറ്റും നേടിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.