അരങ്ങിലും അണിയറയിലും തിളങ്ങി അനിൽ അളകാപുരി യാത്രയാവുന്നു
text_fieldsറിയാദ്: റിയാദിലെ നാടകങ്ങളുടെ അരങ്ങിലും അണിയറയിലും നിറസാന്നിധ്യമായിരുന്ന അനിൽ അളകാപുരി മുപ്പത് വർഷം നീണ്ട പ്രവാസത്തോട് വിട പറയുകയാണ്. നാടകങ്ങൾക്ക് മാത്രമായി സ്ഥാപിതമായ 'തട്ടകം' റിയാദിന്റെ തുടക്കം മുതൽ എല്ലാ നാടകങ്ങളും കുട്ടികളുടെ ക്യാമ്പുകളുമെല്ലാം മുന്നിൽ നിന്ന് നയിച്ച വ്യക്തികളിലൊരാളാണ് അനിൽ അളകാപുരിയെന്ന കലാകാരൻ. നാടകത്തിന്റെ അവശ്യ ഘടകമായ രംഗപടം രൂപകല്പന ചെയ്യുന്നതും അത് തയ്യാറാക്കുന്നതും ചിത്രകാരൻ കൂടിയായ ഇദ്ദേഹമാണ്. നാടകത്തിന്റെ കഥക്കും പശ്ചാത്തലത്തിനും അനുയോജ്യമായ രംഗപടം ഭാവനയിൽ കാണുകയും അത് വരച്ചു ലളിതവും മനോഹരവുമായ രീതിയിൽ ആവിഷ്കരിക്കുവാനുമുള്ള അനിലിന്റെ സിദ്ധി അപാരമാണ്. ചെറുപ്പത്തിൽ ലഭിച്ച വരയോടുള്ള താല്പര്യം സ്വയം വികസിപ്പിച്ചാണ് അനിൽ നല്ലൊരു കലാകാരനായി മാറിയത്.
നിരവധി പേരെ നാടകത്തിന്റെ തട്ടിലേക്ക് കൊണ്ടുവരുന്നതിലും ആവശ്യമായ ശിക്ഷണങ്ങൾ നൽകുന്നതിലും അക്ഷീണം പ്രയത്നിച്ചു. കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട കളിക്കൂട്ടം നാടക ക്യാമ്പുകൾ ആകർഷകമാക്കുകയും കളി ചിരിയിലൂടെ ആടിയും പാടിയും അവരിൽ വിവിധങ്ങളായ കഥാപാത്രങ്ങൾ വിരിയിക്കുകയും നാടിന്റെ സാംസ്കാരിക പൈതൃകം പകർന്നു കൊടുക്കുകയും ചെയ്യും. വിവിധ വേദികളിൽ കുട്ടികളെ കലാ സാംസ്കാരിക നായകന്മാരാക്കി അവതരിപ്പിക്കുന്നതിന്റെ പിന്നിലും അനിലിന്റെ കൈകളായിരുന്നു.
കേരളത്തിലെ പ്രശസ്ത നാടക സംവിധായകരായ ജയൻ തിരുമന, മനോജ് നാരായണൻ, സുരേഷ് കുമാർ ശ്രീസ്ഥ, ഇഖ്ബാൽ ഇടവിലങ്, കാശി പൂക്കാട് കൂടാതെ പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ കൂടിയായ റെജി നായർ, അനൂപ് ചന്ദ്രൻ, ജോയ് മാത്യു, അപ്പുണ്ണി ശശി തുടങ്ങിയരെ റിയാദിലെത്തിക്കുന്നതിലും അവരുടെ നാടകാനുഭവം പഠന കളരിയിലൂടെയും രംഗാവതരണത്തിലൂടെയും അവതരിപ്പിക്കുന്നതിലും അനിലിന്റെ പങ്ക് വലുതാണ്.
റിയാദിലെ ഫസ്റ്റ് സൗദി കൊൺട്രാക്ടിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായ അനിലിന്റെ സ്വദേശം തിരുവനന്തപുരം പേട്ടയാണ്. സഹധർമ്മിണി അജിത ജ്യോതിലക്ഷ്മി സ്കൂൾ അദ്ധ്യാപികയും മികച്ച സംഘാടകയുമാണ്. രണ്ടു പെൺകുട്ടികൾ അഭിരാമി, അനന്ത ലക്ഷ്മി. രണ്ടു പേരും നൃത്തകലയിലും ചിത്രകലയിലും കഴിവ് തെളിയിച്ചവരാണ്. മൂത്തമകൾ അഭിരാമി വിവാഹിതയാണ്. ഇളയ മകൾ അനന്ത ലക്ഷ്മി വൈദ്യശാസ്ത്രത്തിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടിലേക്ക് തിരിക്കുമെന്ന് അനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.