അബ്ദുൽ മജീദ് നഹക്ക് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ യാത്രയയപ്പ്
text_fieldsജിദ്ദ: നാലു പതിറ്റാണ്ടുകാലത്തെ പ്രവാസത്തിനും കലാ, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകൾക്കും വിട നൽകി മടങ്ങുന്ന അബ്ദുൽ മജീദ് നഹക്ക് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം യാത്രയയപ്പ് നൽകി. കാൽ നൂറ്റാണ്ടിലധികമായി ഹാജിമാരുടെ സേവനപ്രവർത്തനങ്ങൾക്കായി ഹജ്ജ് മിഷന്റെ ഉപദേശ നിർദേശങ്ങൾക്കനുസൃതമായി വ്യത്യസ്ത മത, സാംസ്കാരിക സംഘടനകളെ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് അബ്ദുൽ മജീദ് നഹ നൽകിയ നിസ്തുല സേവനങ്ങളെ യോഗം ആദരവോടെ സ്മരിച്ചു. രക്ഷാധികാരി ചെമ്പൻ അബ്ബാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ അംഗ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.ടി.എ. മുനീർ, ഷിബു തിരുവനന്തപുരം, സി.എച്ച്. ബഷീർ, സത്താർ കണ്ണൂർ, സക്കീർ ഹുസൈൻ എടവണ്ണ, അഷ്റഫ് പാപ്പിനിശ്ശേരി, ഷാഫി മജീദ്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അബ്ദുൽ അസീസ് പറപ്പൂർ, നൗഷാദ് അടൂർ, മുഹമ്മദ് കുട്ടി പട്ടാമ്പി, അസ്ഹാബ് വർക്കല, റഫീഖ് മൂസ, അലി തേക്കുതോട് എന്നിവർ സംസാരിച്ചു.
പ്രവാസികളെന്ന നിലയിൽ സ്വസ്ഥവും സമാധാനപൂർണവുമായ ജീവിതത്തിന് അവരവരുടെ പരിമിതികളറിഞ്ഞും അതിനുള്ളിൽനിന്നും ജീവിക്കണമെന്ന് തന്റെ മറുപടിപ്രസംഗത്തിൽ അബ്ദുൽ മജീദ് നഹ പറഞ്ഞു. തന്റെ ജീവിതസംതൃപ്തിക്കു നിദാനം ആ തിരിച്ചറിവാണെന്നും തന്റെ പ്രവർത്തനങ്ങൾക്ക് അതുല്യ പിന്തുണയും സഹകരണവും പൊതുസമൂഹം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൽ മജീദ് നഹക്കുള്ള ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആദരഫലകം ചെയർമാൻ നസീർ വാവക്കുഞ്ഞ് കൈമാറി. ജനറൽ കൺവീനർ മാമദു പൊന്നാനി സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.