ഫാഷിസവും ചെറുത്തുനിൽപുകളും: കേളി ബദീഅ ഏരിയ സെമിനാർ
text_fieldsറിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദീഅ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് 'ഫാഷിസവും ചെറുത്തുനിൽപുകളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
റൗദ ഏരിയ കമ്മിറ്റി അംഗം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും വസ്ത്രത്തിലുമുള്ള ഫാഷിസത്തിന്റെ കടന്നുകയറ്റങ്ങൾക്കുശേഷം വാക്കുകൾക്കുകൂടി കൂച്ചുവിലങ്ങിടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും ഇന്ന് പാർലമെന്റിനകത്തെ നിരോധനം മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുംമേൽ അടിച്ചേൽപിക്കുന്ന സമയം അതിവിദൂരമല്ലെന്നും ഫാഷിസത്തിന്റെ ഈ കടന്നുകയറ്റത്തെ ചെറുത്തുനിൽക്കാൻ പൊതുജനത്തിന് നേതൃത്വം നൽകേണ്ട പ്രധാന പ്രതിപക്ഷം സ്വന്തം അണികളെയും നേതാക്കന്മാരെയും സംരക്ഷിക്കാൻപോലും കഴിയാത്ത ദുർബലാവസ്ഥയിലാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേളി കേന്ദ്രകമ്മിറ്റി അംഗവും സാംസ്കാരിക സമിതി ചെയർമാനുമായ പ്രദീപ് ആറ്റിങ്ങൽ മോഡറേറ്ററായി. ഏരിയ സാംസ്‌കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട പ്രബന്ധം അവതരിപ്പിച്ചു.
പ്രഭാകരൻ ചർച്ചക്ക് മറുപടി പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി സമിതി കൺവീനർ മധു ബാലുശ്ശേരി, ഏരിയ സമ്മേളന സംഘാടക സമിതി കൺവീനർ സരസൻ, ഏരിയ ആക്ടിങ് പ്രസിഡന്റ് ജയഭദ്രൻ എന്നിവർ സെമിനാറിൽ സംസാരിച്ചു. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി അംഗം റഫീഖ് പാലത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.