സൗദിയിലെ ബാങ്കുകൾക്കിടയിൽ അതിവേഗ പണം കൈമാറ്റ സംവിധാനം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ മുഴുവൻ ബാങ്കുകൾക്കിടയിലും പണം അതിവേഗം കൈമാറ്റം ചെയ്യാനുള്ള സംവിധാനം ഇൗ മാസം 21 മുതൽ പ്രാബല്യത്തിൽ വരും. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ 24 മണിക്കൂറിനുള്ളിൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമാണ് പ്രാബല്യത്തിൽ വരുന്നതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും സൗകര്യങ്ങളും സജീവമാക്കുന്നതിനായി ആരംഭിച്ച ആദ്യ ഘട്ട ട്രയൽ വിജയകരമായി പൂർത്തിയാക്കി. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകൾക്കിടയിൽ 24 മണിക്കൂറിനുള്ളിലും ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും തൽക്ഷണം പണം കൈമാറ്റം ചെയ്യൽ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
'സാമ'യുടെ പൂർണ ഉടമസ്ഥതയിലുള്ള സൗദി പേമെൻറ്സ് വികസിപ്പിച്ചെടുത്ത ഈ സംവിധാനം കോർപറേറ്റ്, റീട്ടെയിൽ മേഖലകളിലെ എല്ലാ കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ ഫലപ്രാപ്തി കൂട്ടുകയും അതുവഴി സാമ്പത്തിക വികസനം വർധിപ്പിക്കുകയും ചെയ്യുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. നിലവിലെ സാമ്പത്തിക ക്രയവിക്രയങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് മേഖലക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കുന്നതിനും കമ്പനികളും വ്യക്തികളും തമ്മിലുള്ള പേമെൻറുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സേവനങ്ങളിലെ പുതുമകൾ സജീവമാക്കുന്നതിനും അന്തിമ ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇതു സഹായിക്കും. പുതിയ സംവിധാനം സൗദി ബാങ്കുകളും ധനകാര്യ സാങ്കേതിക കമ്പനികളും തമ്മിലുള്ള പ്രവർത്തന ചെലവ് കുറക്കുന്നതിനും സാമ്പത്തിക മേഖലക്ക് നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനും കാരണമാവും.
പ്രാദേശിക ബാങ്കുകളിലെ അക്കൗണ്ടുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം ഉടനടി നടപ്പാകുമെന്നതാണ് ഗുണഭോക്താക്കൾക്ക് ഇതുകൊണ്ടുള്ള പ്രയോജനം. ബാങ്കുകൾ തമ്മിലുള്ള നിലവിലെ കൈമാറ്റ സമ്പ്രദായത്തിൽ ഈടാക്കുന്ന ഫീസിനെക്കാൾ കുറവായിരിക്കും തൽക്ഷണ പേമെൻറ് സംവിധാനത്തിനുള്ള ഫീസ് എന്നും സാമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.