മതേതരചേരിയെ ദുർബലപ്പെടുത്താനുള്ള ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയണം -ഫാത്തിമ തഹ്ലിയ
text_fieldsദമ്മാം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ ത്രൈമാസ കാമ്പയിൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി.
മതേതര ചേരിയെ ദുർബലപ്പെടുത്താനുള്ള ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയണമെന്നും ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നയിച്ച ധീരദേശാഭിമാനികൾ കാത്തുസൂക്ഷിച്ച ആത്മവിശ്വാസമാണ് മതേതര ജനാധിപത്യ ചേരിക്കുപിന്നിൽ ഉറച്ചുനിൽക്കുന്നവർക്ക് ഉണ്ടാകേണ്ടത്. ഹൈദരാബാദ് സർവകലാശാലയിലടക്കം സംഘ്പരിവാര സംഘങ്ങളിൽനിന്ന് മതേതര വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾക്ക് നേരിടേണ്ടിവരുന്ന ഭീഷണിക്ക് എതിരായ യോജിച്ച പ്രക്ഷോഭത്തിന് മതേതര വിദ്യാർഥി യുവജന കൂട്ടായ്മക്കുവേണ്ടി മുസ്ലിം ലീഗും പോഷകഘടകങ്ങളും രംഗത്തുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, മലപ്പുറം വനിത കെ.എം.സി.സി പ്രസിഡൻറ് സാജിദ നഹ, ദമ്മാം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കൊളത്തൂർ എന്നിവർ സംസാരിച്ചു. സാദി ഇക്ബാൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ സ്വാഗതവും ബഷീർ ആലുങ്കൽ നന്ദിയും പറഞ്ഞു. മുഷ്താഖ് പേങ്ങാട് അവതാരകനായിരുന്നൂ. ജില്ല കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ബഷീർ ബാബു പെരിന്തൽമണ്ണ, അഷ്റഫ് ക്ലാരി, ഉസ്മാൻ പൂണ്ടോളി, വനിത വിങ് ഭാരവാഹികളായ ഹഫ്സ മുഹമ്മദ് കുട്ടി, സഫ്രോൺ മുജീബ്, സുലേഖ ഹുസൈൻ, റിഫാന ആസിഫ് എന്നിവർ നേതൃത്വം നൽകി.
ഫാത്തിമ തഹ്ലിയയെ പ്രവാസി വെൽഫെയർ വനിത നേതാക്കൾ സന്ദർശിച്ചു
ദമ്മാം: ഹ്രസ്വ സന്ദര്‍ശനാർഥം ദമ്മാമിൽ എത്തിയ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയയെ ദമ്മാം പ്രവാസി വെല്‍ഫെയര്‍ വനിത കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് പരസ്പരം സംവദിച്ചു.
ഹിന്ദുത്വ ഫാഷിസത്തിന് എതിരെ നിലനില്‍പ്പിനായുള്ള സമരത്തിന് എല്ലാവരും ഒരുമിച്ചുനിലകൊള്ളണം എന്നും അവർ പറഞ്ഞു. ജനകീയ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങളെ അവർ അഭിനന്ദിച്ചു. മീഡിയവണ്‍, മാധ്യമം പോലെയുള്ള മാധ്യമങ്ങള്‍ ഇന്നിന്റെ ആവശ്യമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ന്യൂനപക്ഷ, ആദിവാസി-ദലിത് വിഭാഗങ്ങൾ നേരിടുന്ന ക്രൂരമായ അക്രമ സംഭവങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ്, കേരളത്തിൽ സ്ത്രീകളും കുട്ടികളും മാനഭംഗത്തിന് ഇരയാവുന്നതടക്കമുള്ള വിഷയങ്ങളിൽ പ്രവാസ ലോകത്ത് നിന്നും പ്രതിഷേധങ്ങൾ ഉയരണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രവാസി വെൽഫെയർ ദമ്മാം വനിത പ്രസിഡൻറ് സുനില സലീം, അംഗങ്ങളായ റഷീദ അലി, ഫാത്തിമ ഹാഷിം, സജ്ന ഷക്കീർ, നജ്ല ഹാരിസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.