സൗദിയിൽ കാണാതായ ഫാത്തിമയെ കണ്ടെത്തി നാട്ടിലെത്തിച്ചു
text_fieldsദമ്മാം: സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹികപ്രവർത്തകർ കണ്ടെത്തി നാട്ടിലയച്ചു. തൃശൂർ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ മൂന്നര വർഷം മുമ്പാണ് നാട്ടിൽനിന്ന് റിയാദിനടുത്തുള്ള അൽഖർജിൽ സൗദി പൗരന്റെ വീട്ടിൽ ജോലിക്കെത്തിയത്. ജോലിസാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമമില്ലാതെ പണിയെടുപ്പിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. സ്പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സഹികെട്ട് അവിടെനിന്ന് പുറത്തുചാടിയ ഫാത്തിമയെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് അവരുടെ ബന്ധുക്കൾക്ക് ലഭിച്ചില്ല. അവർ പല വഴിക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടിലുള്ള ഫാത്തിമയുടെ മകൻ മാധ്യമപ്രവർത്തകൻ റഫീഖ് റാവുത്തറുമായി ബന്ധപ്പെടുകയും മൂന്നു വർഷത്തോളമായി ഉമ്മയെ കുറിച്ച് അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്നും അഭ്യർഥിക്കുകയും ചെയ്തു. റഫീഖ് റാവുത്തറാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തെ വിവരമറിയിച്ചത്. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, പത്മനാഭൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യ വിഭാഗം നടത്തിയ അന്വേഷണത്തിന് ഒടുവിൽ, ഫാത്തിമ ജിദ്ദയിൽ ഒരു വീട്ടിൽ ജോലിചെയ്യുന്നതായി കണ്ടെത്തി. നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഫാത്തിമ തന്റെ അനുഭവകഥ പറഞ്ഞു. അൽഖർജിലെ ജോലിസ്ഥലത്തുനിന്ന് പുറത്തുചാടിയ ഫാത്തിമയെ, സാമൂഹികപ്രവർത്തകൻ എന്ന വ്യാജേന ഒരാൾ ജിദ്ദയിൽ ചെന്നാൽ നാട്ടിലേക്ക് മടങ്ങാനുള്ള ഫൈനൽ എക്സിറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു 2000 റിയാൽ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജിദ്ദയിൽ എത്തിയപ്പോൾ അവരെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കുനിർത്തി അയാൾ തന്ത്രപൂർവം കടന്നുകളയുകയായിരുന്നു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയുംകാലം ആ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. പഴയ ഫോൺ നഷ്ടമായതിനാൽ നാട്ടിലെ നമ്പറും മറ്റുമില്ലാത്തതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. ഫാത്തിമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജു മണിക്കുട്ടൻ വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുകയും ഫാത്തിമക്ക് എംബസിയിൽ നിന്നും ഔട്ട്പാസ് ലഭ്യമാക്കുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ ദമ്മാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമക്ക് ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് ഫാത്തിമ ജിദ്ദയിൽനിന്ന് ദമ്മാമിൽ എത്തി. മഞ്ജു മണിക്കുട്ടന്റെ വീട്ടിൽ ഫാത്തിമക്ക് താൽക്കാലിക താമസസൗകര്യവും നൽകി. മഞ്ജു മണിക്കുട്ടന്റെ അഭ്യർഥന മാനിച്ച് തൃശൂർ നാട്ടുകൂട്ടം ഫാത്തിമക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
കൂടാതെ, നവയുഗം പ്രവർത്തകർ ഉൾപ്പെടെ പലരും നാട്ടിലേക്ക് കൊണ്ടുപോകാൻ സാധനങ്ങളും ബാഗും വാങ്ങിക്കൊടുത്തു. നിയമനടപടികൾ എല്ലാം പൂർത്തിയായപ്പോൾ, നവയുഗം പ്രവർത്തകർ അവരെ എയർപോർട്ടിൽ കൊണ്ടുപോയി യാത്രയാക്കി.
വളരെയേറെ സന്തോഷത്തോടെ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് അവർ യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.