കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഫാത്തിമ സെഹ്റ സമീർ
text_fieldsറിയാദ്: ജന്മസിദ്ധമായി ലഭിച്ച വര എന്ന കഴിവിനെ കാലിഗ്രഫിയുടെ മേഖലയിലേക്ക് തിരിച്ചുവിട്ട് വിസ്മയം തീർക്കുകയാണ് ഫാത്തിമ സെഹ്റ സമീർ എന്ന കൊച്ചു കലാകാരി. റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പത്താംതരം വിദ്യാർഥിയാണ് ഈ മിടുക്കി. ചിത്രരചനയോ കാലിഗ്രഫിയുടെ സാങ്കേതികതയോ വശമില്ലെങ്കിലും ഈ കലാകാരിയുടെ ചിത്രങ്ങൾക്ക് ഒരു പ്രഫഷനൽ ടച്ചുണ്ട്.
തൂവെള്ള പേപ്പറിൽ കറുത്ത മഷികൊണ്ട് വളരെ മനോഹരമായി അറബിക് അക്ഷരങ്ങൾ വ്യത്യസ്ത രൂപത്തിലും അഴകിലും എഴുതിപ്പിടിപ്പിക്കുന്നു. ഇങ്ങനെ എഴുത്തു പൂർത്തിയാക്കിയവ ചില്ലുഗ്ലാസിൽ ഫ്രെയിം ചെയ്യുന്നതോടെ ആരെയും ആകർഷിക്കുന്നതാകും. ഒഴിവുസമയങ്ങളിൽ ഇങ്ങനെ ജന്മംകൊണ്ട നിരവധി ചിത്രങ്ങളുണ്ട് ഫാത്തിമ സെഹറയുടെ പക്കൽ.
കഴിഞ്ഞ ദിവസം മുറബ്ബ ലുലുവിൽ ഓറ ആർട്ടിക്രാഫ്റ്റ് സംഘടിപ്പിച്ച എക്സിബിഷനിൽ ഈ ചിത്രങ്ങൾക്ക് ഒരു ഇടം ലഭിച്ചിരിക്കുന്നു. നിരവധി ആവശ്യക്കാർ ചിത്രങ്ങൾക്കുണ്ടെങ്കിലും ഉടൻ അവ നൽകാൻ തയാറല്ല ഈ 16കാരി. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ്. കാലിഗ്രഫിയുടെ വിവിധ വിഭാഗങ്ങളിൽ പരീക്ഷണം നടത്തലാണ് ഇപ്പോൾ വിനോദം.
അറബ് നല്ല വശമുള്ള ഫാത്തിമ സഹ്റ ഖുർആൻ മനഃപാഠം പൂർത്തിയാക്കിയിട്ടുണ്ട്. ഉർദു, അറബിക് ഭാഷയോട് മുഹബത്തുള്ള ഫാത്തിമ സഹ്റക്ക് എഴുത്തിനോടും താൽപര്യമുണ്ട്. പുസ്തകങ്ങളാണ് കൂട്ട്. ഒഴിവുസമയങ്ങളിൽ എഴുത്തിനും വരക്കും മാറ്റിവെക്കുന്നു.
റിയാദ് ആർ.എസ്.സി, നടത്തിയ സാഹിത്യോത്സവിൽ റിയാദ് മേഖലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. റിയാദിൽ ട്രാവൽ ഏജൻസി നടത്തുന്ന സമീർ കാസ്സിം കോയ ആണ് പിതാവ്. മാതാവ് നിഖില സമീർ റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. സഹല സമീർ, സിമാം ബിൻ സമീർ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.