റിയാദിൽ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മക്ക് തുടക്കമാകുന്നു
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മ ഉടൻ നിലവിൽ വരുമെന്ന് സംഘാടക സമിതി അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ രൂപത്കൃതമായ കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്)ന്റെ റിയാദ് ഘടകമായിട്ടായിരിക്കും പുതിയ സംഘടന നിലവിൽ വരുന്നത്. ബിരുദധാരികളായിട്ടും തൊഴിലുമായി ഒരു ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്.
പുതിയ തൊഴിൽ വിസയിലെത്തി ജോലി തേടുന്നവരും അസംഖ്യമാണ്. ഇവർക്ക് കൃത്യമായ അവബോധം കൊടുക്കലും മാർഗനിർദേശം നൽകലുമായിരിക്കും സംഘടനയുടെ പ്രധാന ലക്ഷ്യം.
മലയാളി എൻജിനീയർമാർക്ക് പരസ്പരം സംവദിക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ വികസനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും, വ്യത്യസ്ത എൻജിനീയറിങ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും സംഘടന വേദിയാകും. തൊഴിൽ ചെയ്യുന്നവരും അല്ലാത്തവരുമായ മലയാളികളായ വനിത എൻജിനീയർമാരും സംഘടനയുടെ ഭാഗഭാക്കാകും. റിയാദ് ചാപ്റ്ററിന് ഇതിനകം മുന്നൂറോളം അംഗങ്ങളുണ്ട്. മെംബർമാരുടെ കലാ-സാഹിത്യ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക മുതലായവയും ലക്ഷ്യമിടുന്നു.
ഹസീബ് മുഹമ്മദ്, നൗഷാദ് അലി, ആഷിക് പാണ്ടികശാല, മുഹമ്മദ് ഷാഹിദ്, അബ്ദുൽമജീദ് കോട്ട, നിസാർ ഹുസൈൻ, അബ്ദുൽ അഫീൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. സംഘടനയുടെ ഭാഗമാകാൻ താൽപര്യമുള്ള മലയാളി എൻജിനീയർമാർ ഹസീബ് മുഹമ്മദിനെ 0502185872 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.