മാനവികതയുടെ മഹോത്സവം; ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’ ഫെബ്രു. 24ന് ജിദ്ദയിൽ
text_fieldsജിദ്ദ: മഹാമാരിയുടെ ആശങ്ക കവർന്നെടുത്ത മൂന്ന് വർഷത്തെ സുന്ദര നിമിഷങ്ങളെ വീണ്ടെടുക്കാൻ വിശ്വമാനവികതയുടെ ഉത്സവുമായി പ്രവാസി മലയാളികളുടെ കണ്ണാടിയായ ‘ഗൾഫ് മാധ്യമം’ എത്തുന്നു. അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുടെയും ആഘോഷമായ ‘ഹാർമോണിയസ് കേരള’ ഇതാദ്യമായി സൗദിയുടെ മണ്ണിലെത്തുന്നു. ഐക്യബോധത്തിെൻറ ആരവമുയർത്തി സൗദി എൻറർടെയ്മെൻറ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഫെബ്രുവരി 24ന് ജിദ്ദ ഉസ്ഫാനിലെ ഇക്വസ്ട്രിയന്‍ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീത-കലാവിരുന്ന് മാനവികതയുടെ മഹോത്സവമായി മാറും.
ലോകത്തെവിടെയായാലും കേരളത്തിന്‍റെ തനിമയും സംസ്കാരവും നെഞ്ചോട് ചേർത്തുവെക്കുന്നവരാണ് മലയാളികൾ. പ്രളയകാലത്തും കോവിഡ് സമയത്തും ജാതി, മത വ്യത്യാസമില്ലാതെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാഹോദര്യത്തിെൻറ പുതിയ മുഖം അവർ ലോകത്തിന് കാണിച്ച് കൊടുത്തു. ഈ ഉദാത്തമായ കൂട്ടായ്മയുടെ മാതൃകക്ക് ആഘോഷത്തിെൻറ നിറം പകരുകയാണ് ‘ഹാർമോണിയസ് കേരള’. കലയെയും കലാകാരന്മാരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ജിദ്ദ പ്രവാസി സമൂഹത്തിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായി ‘ഹാർമോണിയസ് കേരള’ വിരുന്നെത്തുകയാണ്. മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന പരിപാടിക്ക് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ 30 ഓളം കലാകാരന്മാർ അരങ്ങിലണിനിരക്കും.
വിവിധ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരണീയാക്കിയ മലയാള സിനിമയുടെ സ്റ്റൈലിഷ് ഐക്കൺ പ്രിയതാരം ടോവിനോ തോമസ് ആണ് ‘ഹാർമോണിയസ് കേരള’ ജിദ്ദ എഡിഷനിലെ മുഖ്യാതിഥി. സംഗീതത്തിെൻറ പാലാഴി തീർത്ത് മലയാളികളുടെ പ്രിയ ഗായിക സിതാര, മാപ്പിളപ്പാട്ടിെൻറ ഇശൽ മഴ പെയ്യിക്കാൻ കണ്ണൂർ ശരീഫ്, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകൻ സൂരജ് സന്തോഷ്, നിരവധി ആൽബങ്ങളിലൂടെ ശ്രദ്ധേയമായ ഗാനങ്ങൾ സമ്മാനിച്ച ഗായിക സന മൊയ്തൂട്ടി, വയലിനിൽ വിരലുകളാൽ വസന്തം തീർക്കുന്ന ചലച്ചിത്ര പിന്നണി ഗായിക രൂപ രേവതി, അനുകരണ കലയിലെ പുത്തൻ താരോദയം മഹേഷ്, ചടുല നൃത്ത ചുവടുകളുമായി റംസാൻ, ന്യൂജൻ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ ജാസിം എന്നിവരുടെ പ്രകടനങ്ങൾ ജിദ്ദ പ്രവാസികൾക്ക് നല്ലൊരു കലാവിരുന്ന് തന്നെ സമ്മാനിക്കും.
തെൻറ സ്വതസിദ്ധമായ അവതരണ ശൈലിയാല്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സിനിമ നടൻ മിഥുൻ ആണ് പരിപാടിയുടെ അവതാരകൻ. ആയിരങ്ങൾ നെഞ്ചേറ്റി 2019 നവംബറിൽ റിയാദിൽ രണ്ട് ദിവസങ്ങളിലായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘അഹ്‌ലൻ കേരള’ മെഗാ മഹോത്സവത്തിെൻറ ചുവടുപിടിച്ചാണ് ജിദ്ദയിൽ ‘ഹാർമോണിയസ് കേരള’ ഒരുക്കിയിരിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈനായും ഓഫ്‌ലൈനായും വൈകാതെ തന്നെ ലഭിച്ചു തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. മെഗാ ഇവൻറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0559280320 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.