2023 ക്ലബ് ലോകകപ്പ് തയാറെടുപ്പുകൾ പരിശോധിക്കാൻ ഫിഫ പ്രതിനിധിസംഘം റിയാദിൽ
text_fieldsറിയാദ്: 2023ലെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ നടത്തിയ ഒരുക്കങ്ങൾ വിലയിരുത്താൻ ഫെഡറേഷൻ ഇൻറർനാഷനൽ ഡി ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രതിനിധി സംഘം റിയാദിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രതിനിധി സംഘത്തെ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ സ്വീകരിച്ചു. 2023 ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിട്ടുള്ള സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങളാണ് പ്രതിനിധി സംഘം പ്രധാനമായും വിലയിരുത്തുന്നത്.
റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയം, അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം, കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയും റിയാദിലെ ഫുട്ബാൾ പരിശീലനകേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. കായിക സൗകര്യങ്ങളും ടൂർണമെൻറിന്റെ ഒരുക്കവും പരിശോധിക്കുന്നതിനായി പ്രതിനിധി സംഘം നടത്തുന്ന സന്ദർശന പരമ്പരകളിൽ ആദ്യത്തേതാണിത്. ചരിത്രത്തിൽ ആദ്യമായാണ് സൗദി അറേബ്യ ക്ലബ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തിന്റെ കായിക മേഖല വിശേഷിച്ച്, ഫുട്ബാൾ രംഗം കൈവരിച്ച നേട്ടമാണിതെന്നും രാഷ്ട്ര നേതൃത്വത്തിന്റെ ഉദാരമായ പിന്തുണയാണ് കാരണമെന്നും സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ-ഖാസിം പറഞ്ഞു.
ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നത് വഴി ‘ഫിഫ’യുമായി കൂടുതൽ സഹകരിക്കാനുള്ള ഫുട്ബാൾ ഫെഡറേഷന്റെ ആഗ്രഹം സഫലമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകൾ തമ്മിലുള്ള മത്സരം എല്ലാ പ്രായത്തിലുമുള്ള ഫുട്ബാൾ പ്രേമികൾക്ക് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും അൽ-ഖാസിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.