ഫിഫ അന്താരാഷ്ട്ര സൗഹൃദ പരമ്പരയിൽ രണ്ട് ഗ്രൂപ് മത്സരങ്ങൾ ജിദ്ദയിൽ
text_fieldsറിയാദ്: ആദ്യമായി സംഘടിപ്പിക്കുന്ന ‘ഫിഫ സീരീസ് 2024’ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഗ്രൂപ് മത്സരങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അധികൃതർ അറിയിച്ചു. മാർച്ച് 18 മുതൽ 26 വരെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലും അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലുമാണ് ഇരു ഗ്രൂപ് മത്സരങ്ങൾ നടക്കുക. വിവിധ കോണ്ടിനെൻറൽ ഫെഡറേഷനുകളിൽനിന്നുള്ള നാല് ടീമുകൾ ഉൾപ്പെടുന്ന ഒരു കൂട്ടം അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾ ഒരിടത്ത് ഒരുമിച്ച് സംഘടിപ്പിക്കുന്നതിന് ഫിഫ അംഗ ഫെഡറേഷനുകൾക്ക് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിഫ സിരീസ് എന്ന പേരിൽ വിവിധ കോൺഫെഡറേഷനുകളിൽനിന്നുള്ള ദേശീയ ടീമുകൾ തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്. സൗദിക്ക് പുറമെ അൽജീരിയ, അസർബൈജാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഫിഫ സീരീസ് സൗഹൃദ പരമ്പര നടക്കും.
ജിദ്ദയിൽ നടക്കുന്ന ഓരോ ഗ്രൂപ്പിലും വ്യത്യസ്ത കോണ്ടിനെൻറൽ ഫെഡറേഷനുകളിൽ നിന്ന് നാല് ടീമുകൾ ഉൾപ്പെടും. ആദ്യ ഗ്രൂപ്പിൽ കേപ് വെർഡെ ഐലൻഡ്സ് (കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ), കംബോഡിയ (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ), ഇക്വറ്റോറിയൽ ഗിനിയ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), ഗയാന (കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ ഫുട്ബാൾ അസോസിയേഷനുകൾ) എന്നിവയാണ് ഉൾപ്പെടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ബെർമൂഡ (കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ ഫുട്ബാൾ അസോസിയേഷൻ), ബ്രൂണെ ദാറുസ്സലാം (ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻസ് കോൺഫെഡറേഷൻ), ഗിനിയ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), വനവാട്ടു (കോൺഫെഡറേഷൻ ഓഫ് ഓഷ്യാനിയ ഫുട്ബാൾ അസോസിയേഷൻ) ടീമുകളും ഉൾപ്പെടും.
ലോകമെമ്പാടും ഫുട്ബാൾ എത്തിക്കുന്നതിനായി സൗദിയും അന്താരാഷ്ട്ര ഫെഡറേഷനുകളും സംയുക്തമായി നീങ്ങുന്നതിന്റെ ഭാഗമായാണ് ജിദ്ദയിലെ ആതിഥേയത്വം. ടീമുകളുടെ സാങ്കേതിക വികസനത്തിന് കൂടുതൽ അവസരങ്ങൾ കൂട്ടിച്ചേർക്കുക എന്നതും ലക്ഷ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ഗ്ലോബൽ ഇവൻറുകൾക്കുള്ള ലക്ഷ്യസ്ഥാനമായി സൗദി അറേബ്യ മാറിയ സാഹചര്യത്തിലാണ് ഫിഫ സീരീസ് 2024 ഫുട്ബാൾ പദ്ധതിയിലെ രണ്ട് ഗ്രൂപ്പുകൾക്കും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ കാലയളവിൽ നിരവധി ടൂർണമെൻറുകൾക്കാണ് സൗദി ആതിഥേയത്വം വഹിച്ചത്. ക്ലബ് ലോകകപ്പ്, സ്പാനിഷ്, ഇറ്റാലിയൻ സൂപ്പർ ചാമ്പ്യൻഷിപ്പുകൾ, പശ്ചിമേഷ്യൻ വനിത ചാമ്പ്യൻഷിപ് എന്നിവ ഇതിലുൾപ്പെടും. 2027ലെ ഏഷ്യൻ കപ്പ്, 2034ലെ ലോകകപ്പ് എന്നിവയുടെ ആതിഥേയത്വ അവസരം സൗദി അറേബ്യക്ക് ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് തിളക്കം വർധിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.