വനിത ദേശീയ ഫുട്ബാൾ ടീമിന് ഫിഫയിൽ അംഗത്വം
text_fieldsജിദ്ദ: സൗദി വനിത ദേശീയ ടീമിന് ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിൽ (ഫിഫ) അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വർഷത്തിനുള്ളിലാണ് ഇൗ നേട്ടം കൈവരിക്കാനായത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം വലിയ നേട്ടങ്ങളോടെ മുന്നേറുകയായിരുന്നു. 2021ലാണ് സൗദി അറേബ്യ ദേശീയ വനിത ടീം സ്ഥാപിച്ചത്.
ഇതുവരെ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യത്തെ വനിത സൗഹൃദ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കുകയുണ്ടായി.18 മാസത്തെ തുടർച്ചയായ പ്രവർത്തനത്തിനും നേട്ടങ്ങൾക്കും ശേഷം വനിത ദേശീയ ടീം ഫിഫയിൽ പ്രവേശനം നേടിയതിൽ അഭിമാനിക്കുന്നുവെന്ന് വനിത ഫുട്ബാൾ അഡ്മിനിസ്ട്രേഷൻ ട്വിറ്ററിൽ കുറിച്ചു.
ദേശീയ ടീം താരങ്ങൾ ഒന്നര വർഷംകൊണ്ട് നേടിയത് വലിയ നേട്ടമാണെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറും ഫിഫ കൗൺസിൽ അംഗവുമായ യാസർ അൽ മിസ്ഹൽ പറഞ്ഞു. ഈ ചരിത്ര നിമിഷം കായികമേഖലയിൽ പൊതുവെയും ഫുട്ബാളിൽ പ്രത്യേകിച്ചും സൗദി ഭരണകൂടം ശ്രദ്ധചെലുത്തിയതിന്റെ ഫലമാണ്. കായിക മന്ത്രി നിരന്തരം നടത്തിയ ശ്രമവും ഗുണം ചെയ്തെന്നും മിസ്ഹൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.