2034 ഫിഫ ലോകകപ്പ്; കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതി
text_fieldsറിയാദ്: ഈ വർഷം ജൂലൈ 29നാണ് പാരീസിൽ സൗദി അറേബ്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം 2034 ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള ഔദ്യോഗിക സ്ഥാനാർത്ഥിത്വ ഫയൽ സമർപ്പിച്ചത്. റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, നിയോം എന്നീ അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിൽ ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള കൃത്യവും ഭദ്രവുമായ പദ്ധതിയുടെ വ്യക്തമായ രൂപരേഖയാണ് ഫയലിൽ സമർപ്പിച്ചത്.
തുടർന്ന് ഫിഫ നടത്തിയ മൂല്യനിർണയത്തിൽ ചരിത്രത്തിലിതുവരെ ലോകകപ്പ് ആതിഥേയത്വത്തിനായി സമർപ്പിക്കപ്പെട്ട മുഴുവൻ ലേല കരാറുകളെയും മറികടന്ന് 500ൽ 419.8 എന്ന സ്കോറോടെയാണ് സൗദി അറേബ്യയുടെ ലേലകരാർ അംഗീകാരം നേടിയത്. നവംബർ 30നാണ് ഇക്കാര്യം ഫിഫ പ്രഖ്യാപിച്ചത്. അതോടെ 2034 ലോകകപ്പ് സൗദി അറേബ്യക്കാണെന്ന് ഉറപ്പിച്ചിരുന്നു. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരുന്നു ബാക്കി.
ബുധനാഴ്ച (ഡിസം. 11) ലോകം കാത്തിരുന്ന ആ പ്രഖ്യാപനമുണ്ടായി. ഫിഫ പ്രസിഡന്റ് സൗദി ഫയലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘വളരെ ശക്തമായ ഒരു ലേല കരാർ സൗദി സമർപ്പിച്ചു.
നിർദിഷ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നടത്തിയ സാങ്കേതിക വിലയിരുത്തലിന്റെ ഫലങ്ങളിലും വാണിജ്യ സാധ്യതകളിലും ആ കരുത്ത് വ്യക്തമായിരുന്നു. ഈ പരിഗണനകൾ കണക്കിലെടുക്കുമ്പോൾ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയും അർഹതയും സൗദി അറേബ്യക്കാണെന്ന് വ്യക്തമായി.’
പ്രഖ്യാപനത്തെ തുടർന്ന് രാജ്യം ആവേശതിമിർപ്പിലാണ്. നാടെങ്ങും ആഘോഷ നിറവിലാണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.