ഫിഫ ലോകകപ്പ് 2034; സൗദി ഒരുക്കുക ചരിത്രപരമായ ടൂർണമെന്റ്
text_fieldsഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹീം അൽ ഖലീഫ
റിയാദ്: 2034-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യക്ക് പൂർണ പിന്തുണ ആവർത്തിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹീം അൽ ഖലീഫ. ടൂർണമെന്റിന്റെ ചരിത്രപരമായ ഒരു പതിപ്പ് സംഘടിപ്പിക്കാൻ സൗദിക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2034-ലെ എല്ലാ ലോകകപ്പ് മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത് അന്താരാഷ്ട്ര ഫെഡറേഷന്റെ ജനറൽ അസംബ്ലി അംഗീകരിച്ച സൗദി ബിഡ് ഉറപ്പുനൽകുന്ന അവകാശമാണ്.
അന്താരാഷ്ട്ര ഫെഡറേഷന്റെ നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള ബഹുമാനം അന്താരാഷ്ട്ര ഫെഡറേഷന്റെ കുടക്കീഴിലുള്ള എല്ലാ കോണ്ടിനന്റെൽ, നാഷനൽ ഫെഡറേഷനുകളുടെയും കടമയാണ്. സൗദി ബിഡ് വിജയിച്ചതിനാൽ ആഗോള ഇവന്റിൽ സൗദിയുടെ ആതിഥേയത്വത്തിന് പിന്നിൽ അണിനിരക്കേണ്ടത് എല്ലാവർക്കും അത്യന്താപേക്ഷിതമാണെന്നും എ.എഫ്.സി പ്രസിഡന്റ് പറഞ്ഞു.
ലോക കപ്പ് ഫൈനലിനായി സമർപ്പിച്ച ഫയലുകളിൽ ഏറ്റവും ഉയർന്ന മൂല്യനിർണയ സ്കോർ ലഭിച്ച സമഗ്രമായ ഒരു ഫയൽ സൗദി അവതരിപ്പിച്ചു. സൗദിയിലെ ജനങ്ങൾക്കും പൊതുവെ ഏഷ്യൻ ഫുട്ബാൾ കുടുംബത്തിനും അഭിമാനം നൽകുന്ന ഒരു ടൂർണമെന്റിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പിക്കുന്ന ഫയലിന്റെ സമ്പന്നമായ ഉള്ളടക്കം എല്ലാവരും പ്രശംസയോടെ വീക്ഷിച്ചു. അതിനാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ മൂന്നാം തവണയും ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഏഷ്യൻ ഫുട്ബാൾ കുടുംബം സൗദിക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത് 48 ടീമുകളുടെ പങ്കാളിത്തത്തോടെ ആദ്യ ലോകകപ്പ് സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള സൗദിയുടെ കഴിവിലുള്ള തന്റെ പൂർണ ആത്മവിശ്വാസം പുതുക്കുന്നുവെന്നും എ.എഫ്.സി പ്രസിഡന്റ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.