ലഹരി വ്യാപനത്തെ ഒറ്റക്കെട്ടായി ചെറുക്കുക -ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ജാഗ്രത സദസ്സ്
text_fieldsജിദ്ദ: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ജിദ്ദയുടെ 40ാം വാർഷികത്തിന്റെ ഭാഗമായി 'കൈകോർക്കാം ലഹരിക്കെതിരെ' ശീർഷകത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ശറഫിയ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മത സംഘടന പ്രതിനിധികൾ സംസാരിച്ചു.നമ്മുടെ നാടിനെ ബാധിച്ച ഒരു പൊതുതിന്മയായി ലഹരിയെന്ന വിപത്തിനെ കാണുകയും പൊതുജന പ്രാതിനിധ്യമുള്ള പ്രവർത്തനങ്ങളും ജാഗ്രത സമിതികളും രൂപവത്കരിച്ച് മഹല്ല് കമ്മിറ്റികളും സംഘടനകളും മറ്റ് കൂട്ടായ്മകളും ഈ തിന്മയുടെ അടിവേര് അറുത്തുമാറ്റാൻ ധർമസമരത്തിനിറങ്ങണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ബുദ്ധിയെ മറയ്ക്കുന്ന എല്ലാ പദാർഥങ്ങളും ഒരുപോലെ ലഹരിയായിക്കണ്ട്, ലഹരിക്കെതിരെ ബോധവത്കരണം നടത്താതെ ലഹരിയെന്ന സാമൂഹികവിപത്തിനെ ചെറുക്കാൻ സാധ്യമല്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കേവലം തൊലിപ്പുറത്തുള്ള ചികിത്സയാകാതിരിക്കണം. മദ്യമടക്കം എല്ലാ ലഹരി ഉപയോഗവും സാമൂഹിക തിന്മയാണ്. മദ്യശാലകൾക്ക് അനിയന്ത്രിതമായി ലൈസൻസ് അനുവദിക്കുകയും മറുഭാഗത്ത് ലഹരിക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മനുഷ്യന്റെ ശുദ്ധവും സഹജവുമായ പ്രകൃതിയെ തകർക്കുന്ന മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും പൂർണമായും നിരോധിക്കാൻ സർക്കാർ തയാറാകണം.
സമൂഹത്തിൽ വ്യാപക ലഹരി മാഫിയയുടെ അടിവേര് കണ്ടെത്താനും നശിപ്പിക്കാനും ശ്രമിക്കണം. നവലിബറൽ ആശയങ്ങളുടെ ദുഃസ്വാധീനംമൂലം സമൂഹത്തിൽ സ്വതന്ത്രവാദം വേരൂന്നിയപ്പോൾ തിന്മകൾ തിരിച്ചറിയാത്ത ഒരു തലമുറ ഇവിടെ വളർന്നുവന്നു.അവരെ ദുരുപയോഗം ചെയ്ത് ആദർശപരമായി ഒരു സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തണം. എങ്കിൽ മാത്രമേ ലഹരിയടക്കം കുടുംബ സംവിധാനത്തെയും സാമൂഹിക ഭദ്രതയെയും തകർക്കുന്ന എല്ലാ അധാർമികതകളെയും പ്രായോഗികമായി ചെറുക്കാൻ സാധിക്കൂ.
ലഹരി പദാർഥങ്ങൾക്ക് അടിപ്പെടുന്ന യുവ വിദ്യാർഥി സമൂഹത്തെ ആദർശ അവബോധം നൽകി ധർമപാതയിൽ അണിനിരത്താൻ ആദർശ സമൂഹമെന്ന നിലയിലുള്ള ബാധ്യത ആരും വിസ്മരിക്കരുത്. മൂല്യങ്ങൾക്ക് വിലകൽപിക്കാത്ത നവലിബറൽ ആശയങ്ങളും ദൈവനിഷേധ, മതനിരാസ ആശയങ്ങളുടെ ദുഃസ്വാധീനവും യുവ വിദ്യാർഥിസമൂഹത്തെ ലഹരി വസ്തുക്കളുടെ മായാലോകത്തേക്ക് തള്ളിവിടുന്നു.
രക്ഷിതാക്കൾ മക്കൾക്ക് ദൈവവിശ്വാസത്തിലും പരലോക ബോധത്തിലുമധിഷ്ഠിതമായ ധാർമിക വിദ്യാഭ്യാസം നൽകുകയും അവരെ ഏറ്റവും അടുത്ത സുഹൃത്തുക്കളാക്കി, തെറ്റും ശരിയും മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള പക്വത കൈവരിക്കാൻ അവരോടൊപ്പം നിൽക്കുകയും വേണം. എങ്കിൽ മാത്രമേ ലഹരിയെന്ന അധാർമികതയെ ചെറുക്കാൻ സാധിക്കുകയുള്ളൂ എന്നും സദസ്സ് അഭിപ്രായപ്പെട്ടു .
അബീർ മെഡിക്കൽ ഗ്രൂപ് ഡയറക്ടർ അഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ജിദ്ദ പ്രബോധകൻ ശമീർ സ്വലാഹി പരിപാടി നിയന്ത്രിച്ചു.ഇഖ്ബാൽ തൃക്കരിപ്പൂർ (വിസ്‌ഡം ജിദ്ദ), അബ്ദുൽ നാസർ ചാവക്കാട് (ഐ.ഡി.സി), സൽമാൻ ദാരിമി (സമസ്ത ഇസ്‍ലാമിക് സെന്റർ), കെ.എം അനീസ് (തനിമ), തമീം അബ്ദുല്ല (യൂത്ത് ഇന്ത്യ) അബ്ദുൽ ഗഫൂർ വളപ്പൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.