അകിസയും ആഇശയും ഇനി രണ്ട്; സൗദിയിൽ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ വിജയകരം
text_fieldsറിയാദ്: തുടർച്ചയായി അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അകിസയും ആഇശയും രണ്ടായി. ശസ്ത്രക്രിയക്ക് ശേഷം ഇരുമെയ്യായി അകിസയും ആയിശയും രണ്ട് ബെഡുകളിലായി.
പതിവിന് വിപരീതമായി ശസ്ത്രക്രിയക്ക് ശേഷം മെഡിക്കൽ ബെഡിൽ കിടത്തുന്നതിനു പകരം ഇരട്ടകളെ മെഡിക്കൽ ടീം കൈയ്യിൽ ചുമന്നാണ് ശസ്ത്രക്രിയ റൂമിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. ഇത് ശസ്ത്രക്രിയയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ ഫിലിപ്പിനോ സയാമീസുകളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് ഇവരെ റിയാദിലെത്തിച്ചത്.
വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമാണെന്നും ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു. ‘ആരോഗ്യ സ്ഥിതി സുസ്ഥിരമാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ഇരട്ടകൾ ഒരു കിടക്കയിൽ പ്രവേശിച്ച് രണ്ട് കിടക്കകളിൽ പുറത്തിറങ്ങി. അഞ്ച് ഘട്ടങ്ങളായാണ് ശസ്ത്രക്രിയ പൂർത്തിയായത്. കൺസൾട്ടൻറ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫും, അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികളും ഉൾപ്പെടുന്ന 25 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇവർക്ക് പുറമെ പത്ത് പ്രമുഖ വനിത ഡോക്ടർമാരുമുണ്ടായിരുന്നു’ -ഡോ. അൽറബീഅ പറഞ്ഞു.
ആറ് മാസം പ്രായവും 18 കിലോഗ്രാം ഭാരവുമുള്ള ഫിലിപ്പിനോ ഇരട്ടകളായ അകിസയും ആയിശയും 2024 മെയ് അഞ്ചിനാണ് സൗദിയിലെത്തിയത്. ഇവരെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിൽ താഴത്തെ നെഞ്ചും വയറും കരൾ ഭാഗവും പങ്കിടുന്നതായി കണ്ടെത്തി. സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ ഒന്നിലധികം കൃത്യമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അൽറബീഅ പറഞ്ഞു.
നിരവധി മെഡിക്കൽ ടീം മീറ്റിങ്ങുകൾക്ക് ശേഷമാണ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്താൻ തീരുമാനിച്ചതെന്നും അൽറബീഅ പറഞ്ഞു. ഫിലിപ്പൈൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളുടെ രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ പരമ്പരയിലെ 61-ാമത്തെതുമാണ്. കഴിഞ്ഞ 33 വർഷത്തിനിടെ ലോകത്തെ 26 രാജ്യങ്ങളിൽ നിന്നുള്ള 136 ഇത്തരം കേസുകൾ മെഡിക്കൽ സംഘം വിലയിരുത്തിയതായും ഡോ. അൽറബീഅ പറഞ്ഞു.
ഇരട്ടകളെ വേർപെടുത്താനുള്ള ഓപറേഷൻ നടത്തി ആവശ്യമായ ചികിത്സ നൽകിയതിന് ഫിലിപ്പിനോ ഇരട്ടകളുടെ അടുത്ത ബന്ധുക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും മെഡിക്കൽ, സർജിക്കൽ ടീം അംഗങ്ങൾക്കും നന്ദി പറഞ്ഞു. ലോകത്തിെൻറ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സൗദിയുടെ മഹത്തായ മാനുഷിക പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. രാജ്യത്തുടനീളം തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും നന്ദിയും കടപ്പാടും അറിയിക്കുമെന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.