റിയാദിൽ ഫിലിം സിറ്റി; മിഴി തുറന്ന് ‘അൽ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോസ്’
text_fieldsറിയാദ്: ചലച്ചിത്ര-ടെലിവിഷൻ നിർമാണ വ്യവസായത്തെ ശക്തിപ്പെടുത്താൻ മധ്യപൂർവേഷ്യയിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക തികവുമാർന്ന സിനിമ-ടെലിവിഷൻ സ്റ്റുഡിയോ സ്ഥാപിച്ച് സൗദി അറേബ്യ. സിനിമാ നിർമാണത്തിന്റെ സമഗ്രതലങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്തി റിയാദിൽ നിർമിച്ച ‘അൽ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോസ്’ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഉദ്ഘാടനം ചെയ്തു.
റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് അതിവിശാലമായ സ്റ്റുഡിയോ. മധ്യപൂർവേഷ്യൻ മേഖലയിലും റിയാദ് സീസണിലും ചലച്ചിത്ര-ടെലിവിഷൻ നിർമാണ വ്യവസായത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ ചുവടുവെപ്പാണിത്. 120 ദിവസം കൊണ്ട് നിർമിച്ച സ്റ്റുഡിയോ സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും നിർമാണത്തിനുള്ള മധ്യപൂർവേഷ്യൻ മേഖലയിലെ ഏറ്റവും വലുതും ആധുനികവുമായ സ്റ്റുഡിയോകളിൽ ഒന്നാണ്.
10,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഏഴ് സ്റ്റുഡിയോ കെട്ടിടങ്ങൾ ഉൾപ്പെടുന്ന വലിയ സമുച്ചയമാണിത്. ആകെ പ്രോജക്റ്റ് ഏരിയ മൂന്ന് ലക്ഷം ചതുരശ്ര മീറ്ററാണ്. അനുബന്ധ വർക്ഷോപ്പുകൾ ഉൾക്കൊള്ളുന്ന ഒരു പ്രൊഡക്ഷൻ വില്ലേജും നൂതന സൗകര്യങ്ങളോട് കൂടിയ ആഡംബര വി.ഐ.പി സ്യൂട്ടുകൾ, ഫിലിം പ്രൊഡക്ഷൻ ഓഫിസുകൾ, ഫുൾ എഡിറ്റിങ് റൂമുകൾ എന്നിവയും ഇതോടൊപ്പമുണ്ട്. ഏറ്റവും ഉയർന്ന ഉൽപാദനക്ഷമത കൈവരിക്കുന്നതിന് അനുയോജ്യമായ തൊഴിൽ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഫിലിം, ടെലിവിഷൻ നിർമാണത്തിന് ആവശ്യമായ എന്തും ഒരിടത്ത് ഒരുക്കി നിർമാണ പ്രക്രിയ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് അൽ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോസ്.
ഇത് സമയവും പ്രയത്നവും ചെലവും ലാഭിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിൽ സിനിമ നിർമാണത്തെ എത്തിക്കുന്നതിനും സഹായിക്കും. ഭീമാകാരമായ ഈ പദ്ധതി ഉൽപാദന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെലവ് കുറക്കുകയും ചെയ്യും. ഈ മേഖലയിൽ വിദഗ്ധരായ എല്ലാ കമ്പനികൾക്കും സേവനം നൽകും.
അത്യാധുനിക സാങ്കേതിക വിദ്യകളുള്ള സ്റ്റുഡിയോകൾ ഉപയോഗിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകി പ്രൊഡക്ഷൻ കമ്പനികളെ പിന്തുണക്കുന്ന സാമ്പത്തിക, ബാങ്കിങ് മേഖലക്ക് ഈ സ്ഥാപനം തന്ത്രപരമായ അവസരമായി മാറും. രാജ്യത്തെ ഉൽപാദന വ്യവസായത്തെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾ ഇത് വർധിപ്പിക്കും. ചലച്ചിത്ര-ടെലിവിഷൻ നിർമാണ മേഖലകളിൽ ഗുണപരമായ കുതിപ്പിന് ഇത് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.