ഒടുവിൽ ഹമീദ് ഉമർ മടങ്ങി; 9300 റിയാൽ പിഴയൊടുക്കി
text_fieldsറിയാദ്: ഒടുവിൽ 9300 റിയാൽ പിഴയൊടുക്കിഹമീദ് ഉമർ നാട്ടിലേക്ക് മടങ്ങി. രണ്ടാമതും ടൂറിസ്റ്റ് വിസയിലെത്തി കാര്യമറിയാതെ നിയമലംഘനത്തിൽ പെട്ടുപോയതാണ് ഈ എറണാകുളും സ്വദേശി. രാജ്യത്ത് അനധികൃതമായി തങ്ങിയതിന് നാളെണ്ണി ദിവസമൊന്നിന് 100 റിയാൽ വെച്ചാണ് ഇത്രയും തുക പിഴയൊടുക്കേണ്ടിവന്നത്. ജനുവരി 25ന് നാട്ടിലേക്ക് നിശ്ചയിച്ചിരുന്ന മടക്കയാത്ര പിഴയിൽ തട്ടി മുടങ്ങിയതിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിയമത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇദ്ദേഹത്തെ കുടുക്കിയത്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിലാണ് ഇദ്ദേഹം റിയാദിലെത്തിയത്. ഒരു വർഷത്തിനുള്ളില്‍ പരമാവധി 90 ദിവസം സൗദിയില്‍ താമസിക്കാവുന്ന വിസയാണിത്. ഇതിനിടെ എത്ര തവണ വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാം. ഒരു ദിവസം മാത്രം ബാക്കിയുണ്ടെങ്കിലും സൗദിയിലേക്ക് വരുന്നതിന് തടസ്സമുണ്ടാകില്ല.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയില്‍ ആദ്യം ഇദ്ദേഹം റിയാദിലെത്തിയത്. 89ാമത്തെ ദിവസം നാട്ടിലേക്ക് തിരിച്ചുപോയി. ശേഷം മറ്റൊരു ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു. വിസ ലഭിക്കുകയും ചെയ്തു.
ഒക്ടോബര്‍ 29ന് പുതിയ വിസയിൽ വീണ്ടും സൗദിയിലെത്തി. എമിഗ്രേഷനിൽ പുതിയ വിസയുടെ കോപ്പി ഹമീദ് നൽകുകയും ചെയ്തു. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ പാസ്പ്പോർട്ടിൽ എൻട്രി സീൽ പതിച്ചു നൽകി ഹമീദ് പുറത്തിറങ്ങി. പുതിയ വിസയിലാണ് താൻ ഇറങ്ങിയത് എന്നായിരുന്നു ഹമീദ് കരുതിയത്. അതുകൊണ്ടാണ് ആ വിസയുടെ കാലാവധി തീരും വരെ സൗദിയിൽ തങ്ങിയതും. എന്നാൽ മടക്കയാത്രക്കായി റിയാദ് എയർപോർട്ടിൽ ചെന്നപ്പോഴാണ് ഭീമമായ തുക പിഴയുള്ളത് അറിയുന്നത്. പണം ഇല്ലാത്തതിനാൽ അന്നത്തെ യാത്ര മുടങ്ങി.
താൻ നിയമലംഘകനല്ലെന്നും സാധുവായ വിസ കൈയ്യിലുണ്ടെന്നുമായിരുന്നു ഹമീദിെൻറ നിലപാട്. ഇക്കാര്യം മാധ്യമങ്ങളോടും പങ്കുവെച്ചു. എങ്ങനെയാണ് പിഴ വന്നതെന്ന് പല ഉറവിടങ്ങളിലൂടെയും ഹമീദും സുഹൃത്തുക്കളും അന്വേഷിച്ചു. അപ്പോഴാണ് ഒരു ദിവസം ബാക്കിയുള്ള ആദ്യ വിസയിലാണ് എൻട്രി അനുവദിച്ചതെന്ന് ബോധ്യപ്പെട്ടത്. അത് കഴിഞ്ഞുള്ള ദിവസങ്ങൾ കണക്കുകൂട്ടിയാണ് പിഴ വന്നത്. ജനുവരി 25ന് മടക്കയാത്രക്ക് ചെന്നപ്പോൾ 87 ദിവസത്തിനുള്ള പിഴയായ 8,700 റിയാലാണ് അടക്കാൻ എമിഗ്രേഷൻ അധികൃതർ ആവശ്യപ്പെട്ടത്. അതില്ലാത്തതിനാൽ യാത്ര റദ്ദാക്കേണ്ടിവന്നു.
പണം സ്വരൂപിക്കാനുള്ള ശ്രമത്തിനിടെ ഒരാഴ്ച കൂടി പിന്നിട്ടു. അതിനും ദിവസം നൂറ് റിയാൽ വെച്ച് നൽക്കേണ്ടി വന്നു. ഒടുവിൽ 9300 സൗദി റിയാൽ പിഴ നൽകി ഇന്ന് രാവിലെ ഹമീദ് നാട്ടിലെത്തി. പുതിയ വിസ നേടിയാലും ഒരു ദിവസമെങ്കിലും ആക്ടീവായ പഴയ വിസ പാസ്പോർട്ട് നമ്പറിൽ ഉണ്ടെങ്കിൽ ആ വിസയിലായിരിക്കും പ്രവേശനം അനുവദിക്കുന്നത് എന്നാണ് ഹമീദിെൻറ അനുഭവം തെളിയിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം പരിഹരിക്കാൻ സൗദിയിലേക്ക് പ്രവേശിച്ച ഉടനെ ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ (www.absher.sa/wps/portal/individuals/Home/myservices/einquiries/passports) ഏത് ബോർഡർ നമ്പറിലാണ് എൻട്രി എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹമീദ് ഉമർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.