മൂക്ക് മറയാതെ മാസ്ക് ധരിച്ച മലയാളി പൊതുപ്രവർത്തകർക്ക് സൗദിയിൽ 1,000 റിയാൽ പിഴ
text_fieldsറിയാദ്: മൂക്ക് മറയും വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് റിയാദിലെ മലയാളി പൊതുപ്രവർത്തകനും സുഹൃത്തുക്കൾക്കും 1,000 റിയാൽ പിഴ. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറക്കും സുഹൃത്തുകൾക്കുമാണ് സൗദി പൊലീസ് പിഴയിട്ടത്.
ഹരീഖിൽ വെള്ളിയാഴ്ച വാരാന്ത്യ അവധി ആഘോഷിക്കാൻ പോയതായിരുന്നു അബ് ദുല്ലയും സുഹൃത്തുക്കളും. ഓറഞ്ച് തോട്ടം കണ്ട് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് മാസ്ക് ധരിച്ചിരുന്നെങ്കിലും മൂക്ക് പൂർണമായും മറയുന്ന നിലയിൽ ധരിക്കാത്തതിനാണ് മൂന്ന് പേർക്കും 1000 റിയാൽ വീതം പിഴ ചുമത്തിയത്.
പരിശോധന ഉദ്യോഗസ്ഥൻ താമസ രേഖ (ഇഖാമ) വാങ്ങി വിവരങ്ങൾ ശേഖരിച്ചു വിട്ടയച്ചു. അതിന് ശേഷം തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ പൊതു സുരക്ഷാ വകുപ്പ് പിഴയടക്കാൻ ആവശ്യപ്പെട്ട് മൊബൈലിൽ സന്ദേശം അയച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ പൊതുനിരത്തിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്.
പൊതുപ്രവർത്തകർ സമൂഹത്തിന് മാതൃക ആവേണ്ടവരാണെന്ന ഉത്തമ ബോധ്യമുള്ളതിനാൽ മാസ്ക് ഉപയോഗിക്കുന്നതിൽ താൻ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ തുടക്കം മുതലേ കൃത്യമായി പാലിക്കുന്നയാളാണെന്നും അബ്ദുല്ല 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മാക്സ് ധരിക്കുമ്പോൾ കണ്ണടക്കുള്ളിൽ വായു നിറഞ്ഞ് മൂടലുണ്ടാവുകയുംകാഴ്ച മങ്ങുകയും ചെയ്യുന്നത് കൊണ്ട് മാസ്ക് താഴ്ത്തി കണ്ണട വൃത്തിയാക്കുന്ന സമയത്താണ് പൊലീസിെൻറ മുന്നിൽ പെട്ടത്. ഇക്കാര്യം ബോധിപ്പിച്ചു പിഴ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയത്തിെൻറ ഓൺലൈൻ പോർട്ടലായ അബ്ഷിർ വഴി അപ്പീൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.