സൗദിയിൽ തൊഴിൽലംഘനങ്ങളുടെ പിഴ 60 മുതൽ 80 വരെ ശതമാനം കുറക്കും
text_fieldsറിയാദ്: സൗദി അറേബ്യയിൽ തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തും. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴത്തുക കുറക്കാനാണ് മന്ത്രാലയ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. പിഴക്കുള്ള അപ്പീൽ സമർപ്പിക്കാനും 60 ദിവസം സമയമുണ്ട്. ജീവനക്കാരുടെ എണ്ണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായി തിരിച്ചാണ് പിഴത്തുകയിൽ മാറ്റം വരുത്തിയത്. തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ ലംഘനങ്ങൾക്ക് എ കാറ്റഗറിയിൽപെട്ട സ്ഥാപനങ്ങളുടെ പിഴ 10,000ത്തിൽനിന്ന് 5000 റിയാലായും ബി കാറ്റഗറി സ്ഥാപനങ്ങൾക്ക് 5000ത്തിൽനിന്ന് 2500 റിയാലായും സി കാറ്റഗറി സ്ഥാപനങ്ങൾക്ക് 2500ൽനിന്ന് 1500 റിയാലായും കുറച്ചു.തൊഴിലാളികൾ സുരക്ഷാനിർദേശങ്ങൾ ലംഘിക്കുന്ന കുറ്റത്തിന് എ, ബി, സി കാറ്റഗറികളിലുള്ള സ്ഥാപനങ്ങൾക്ക് യഥാക്രമം 5000ത്തിൽനിന്ന് 1000 റിയാലായും 2000ത്തിൽനിന്ന് 500 റിയാലായും 3000ത്തിൽനിന്ന് 300 റിയാലുമായാണ് കുറച്ചത്.
തൊഴിലാളികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്ത കുറ്റത്തിനുള്ള പിഴ എല്ലാ വിഭാഗത്തിനും 3000ത്തിൽനിന്ന് 1000 റിയാലായും കുറച്ചു. തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ എ, ബി, സി വിഭാഗങ്ങൾക്ക് യഥാക്രമം 10,000ത്തിൽനിന്ന് 1000 ആയും 5000ത്തിൽനിന്ന് 500 ആയും 3000ത്തിൽനിന്ന് 300 ആയുമാണ് കുറച്ചത്. ബാലവേല ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ 20,000ത്തിൽനിന്ന് 2000 റിയാലാക്കി കുറച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിലെ എല്ലാ നിയമലംഘനങ്ങൾക്കും നേരത്തേ നിശ്ചയിച്ച പിഴത്തുകയിൽ വൻ കുറവാണ് മന്ത്രാലയം വരുത്തിയത്.
പിഴ സംബന്ധിച്ച് മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ചാൽ 60 ദിവസത്തിനകം തൊഴിലുടമ പിഴയടക്കുകയോ അപ്പീൽ സമർപ്പിക്കുകയോ വേണം. നിശ്ചിത സമയത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായനിർദേശങ്ങൾക്കായി പബ്ലിക് കൺസൽട്ടേഷൻ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.