സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിങ്ങിനും വിരലടയാളം നിർബന്ധമാക്കി
text_fieldsറിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി. മേയ് 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. മുംബൈ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് നൽകിയത്. വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷക്കൊപ്പം വിരലടയാളം നൽകാത്ത രേഖകൾ പരിഗണിക്കില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറഞ്ഞു. സന്ദർശക വിസക്കാർക്ക് നേരത്തെ ഈ നിയമം ബാധകമാക്കിയിരുന്നു.
തൊഴിൽ വിസക്ക് കൂടി വി.എഫ്.എസ് ഓഫിസിൽ നേരിട്ടെത്തേണ്ടി വരുമ്പോൾ ഇവിടുത്തെ തിരക്ക് ക്രമാതീതമായി വർധിക്കും. നിലവിൽ സന്ദർശക വിസ അപേക്ഷകൾ സമർപ്പിക്കാൻ തന്നെ വി.എഫ്.എസ് ഓഫിസിലേക്കുള്ള ഓൺലൈൻ അപ്പോയിൻമെന്റ് വൈകിയാണ് ലഭിക്കുന്നത്. പെട്ടെന്നുള്ള അവസരത്തിന് പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കണം. ഇതിന് അഞ്ചിരട്ടി ചെലവ് വരും.
വിരലടയാളം നൽകണമെന്ന വിസ നിയമത്തിലെ മാറ്റം സൗദിയിലേക്കുള്ള സന്ദർശകരെയും തൊഴിലാളികളെയും രാജ്യത്തുള്ള തൊഴിലുടമകളെയും പ്രതിസന്ധിയിലാക്കുന്നതാണ്. അതേസമയം വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട നിലവിലെ പ്രയാസങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും കോൺസുലേറ്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പരിഹാരം പ്രതീക്ഷിക്കുന്നതായും ട്രാവൽ ഏജൻസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.