ഉംറ വിസ: അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി
text_fieldsജിദ്ദ: സൗദിയിലേക്ക് ഉംറ വിസയിൽ വരുന്നതിന് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് ബാധകം. വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ 'വിരലടയാളം' രജിസ്റ്റർ ചെയ്യണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കാനാണ് ഈ തീരുമാനം.
സ്മാർട്ട് ഫോണുകളിൽ 'സൗദി വിസ ബയോ' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. ആപ്ലിക്കേഷനിൽ പ്രവേശിച്ച ശേഷം വിസയുടെ തരം നിർണയിക്കുക, പാസ്പോർട്ട് ഇൻസ്റ്റൻറ് റീഡ് ചെയ്യുക, ഫോൺ കാമറയിൽ മുഖത്തിന്റെ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുക എന്നിവയാണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ.
തീർഥാടകർക്ക് ഉംറ വിസ ലഭിക്കുന്നതിന് വിരലടയാളം നേരത്തെ രജിസ്റ്റർ ചെയ്യുന്നതോടെ സൗദി പ്രവേശ കവാടങ്ങളിലെത്തുമ്പോൾ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്കൊഴിവാക്കാനും സാധിക്കുമെന്നാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. പല രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഈ സംവിധാനം നേരത്തെ ഏർപ്പെടുത്തുകയും വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ഉംറ തീർഥാടകർക്ക് കൂടി ബയോമെട്രിക് സവിശേഷതകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രീതി നടപ്പാക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.