ദഹ്റാൻ മാളിൽ തീപിടിത്തം
text_fieldsദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ മാളിൽ അതിശക്തമായ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ സ്വത്ത് നാശമുണ്ടായെങ്കിലും അവധിയായതിനാൽ ആളപായമുണ്ടായില്ല. അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ അണക്കാനായത്. സുരക്ഷ ഹെലികോപ്ടറുകളുടെ സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി സിവിൽ ഡിഫൻസ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായിടത്ത് ശീതീകരണപ്രവർത്തനങ്ങളും തുടർ നടപടികളും ഏറെ വൈകിയും തുടരുകയാണ്. പ്രവിശ്യയിലെ സിവിൽ ഡിഫൻസിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നുള്ള നിരവധി വാഹനങ്ങളും തീ അണക്കാൻ സ്ഥലത്തെത്തിയിരുന്നു.
റെഡ്ക്രസൻറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അഗ്നിബാധയിൽ മാളിന്റെ വലിയ ഭാഗങ്ങളിലേക്ക് തീ പടർന്നതായാണ് റിപ്പോർട്ട്. പുകപടലങ്ങൾ ഉയർന്ന് പ്രദേശത്ത് കിലോമീറ്ററുകൾ ദൂരേക്ക് വ്യാപിച്ചിരുന്നു.
അൽഖോബാർ അൽഉലയ ഡിസ്ട്രിക്ടിലെ പ്രമുഖ വാണിജ്യ സമുച്ചയമാണ് ദഹ്റാൻ മാൾ. നിരവധി പ്രശസ്തമായ സ്ഥാപനങ്ങൾ ഇതിൽ പ്രവർത്തിക്കുന്നു. ദിവസവും പതിനായിരക്കണക്കിനാളുകൾ സന്ദർശിക്കുന്ന സ്ഥലമാണ്. ഇതിനുള്ളിലെ ഒരു ഷോപ്പിങ് മാളിൽനിന്നാണ് തീപടർന്നതെന്നാണ് കരുതുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ദൂരെനിന്ന് കാണും വിധത്തിൽ കനത്ത പുകയും പരിസരത്ത് ഗതാഗതക്കുരുക്കുമുണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ദഹ്റാൻ മാളിൽ തീപിടിച്ച ദൃശ്യങ്ങൾ അതിരാവിലെ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാർത്തയറിഞ്ഞ് നിരവധി പേർ സംഭവ സ്ഥലത്തെത്തിയെങ്കിലും സുരക്ഷവിഭാഗം പ്രദേശം വളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.