മക്കയിൽ ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം
text_fieldsമക്ക: അസീസിയയിലെ ത്വയ്ബ റോഡിൽ ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന ഇന്ത്യൻ ഹജ്ജ് മിഷൻ 239ാം നമ്പർ കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തി. സംഭവം ശ്രദ്ധയിൽപെട്ടവർ ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് സൗദി ഫയർ ഫോഴ്സ് ടീം സ്ഥലത്തെത്തി ഹാജിമാരെ മുഴുവൻ കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു. സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് സേവനനിരതരായിരുന്നു.
രാജസ്ഥാൻ സ്വദേശികളായ ഹാജിമാരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കെട്ടിടത്തിൽ ഗ്യാസ് ഉപയോഗിക്കുന്നതും മറ്റു അനുവദനീയമായ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമെല്ലാം കൃത്യമായ സുരക്ഷ ഉറപ്പാക്കി വേണമെന്ന് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.