ടേക്ക് ഓഫിനിടെ വിമാനത്തില്‍ അഗ്നിബാധ; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു
text_fieldsദമ്മാം: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ടയർ സംവിധാനത്തിൽ അഗ്നിബാധ കണ്ടതിനെത്തുടർന്ന് ഉടൻ ടേക്ക് ഓഫ് റദ്ദാക്കി അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ യാത്രക്കാരെ ഒഴിപ്പിച്ചു. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഈജിപ്ഷ്യൻ വിമാന കമ്പനിയായ നൈല്‍ എയര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെൻറര്‍ അറിയിച്ചു.
വിമാനത്താവളത്തിൽനിന്ന് പറന്നുയരാൻ തുടങ്ങുമ്പോഴാണ് എയര്‍ബസ് 320-എ ഇനത്തില്‍പെട്ട വിമാനത്തിന്റെ ടയര്‍ സംവിധാനത്തില്‍ തീ കണ്ടത്. ഉടന്‍ തന്നെ പൈലറ്റുമാര്‍ ടേക്ക് ഓഫ് റദ്ദാക്കുകയും എയര്‍പോര്‍ട്ടിലെ അഗ്നിശമന സേന കുതിച്ചെത്തി തീ അണക്കുകയും ചെയ്തു.
ഒപ്പം തന്നെ യാത്രക്കാരെയും ജീവനക്കാരെയും മുഴുവൻ എമര്‍ജന്‍സി എക്സിറ്റുകളിൽ ലൈഫ് സ്ലൈഡുകൾ ഘടിപ്പിച്ച് വിമാനത്തിൽനിന്ന് പുറത്തെത്തിക്കുകയും ചെയ്തു. നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെൻററിന് കീഴിലെ വിദഗ്ധ സംഘം സംഭവത്തില്‍ അന്വേഷണം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 2.15നാണ് ടേക്ക് ഓഫിനിടെ നൈല്‍ എയര്‍ വിമാനത്തിന്റെ ടയര്‍ സംവിധാനത്തില്‍ അഗ്നിബാധയുണ്ടായതെന്ന് ദമ്മാം എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന് അധികൃതർ അറിയിച്ചു. 186 യാത്രക്കാരെയും എട്ടു വിമാന ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.