റിയാദിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം
text_fieldsറിയാദ്: തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായി ഏഴു മരണം. എട്ടുപേർക്ക് പരിക്ക്. അപകടത്തിൽ പെട്ടത് വിദേശികളാണ് എന്നാണ് സൂചന. ഏത് രാജ്യക്കാരാണ് എന്ന് അറിവായിട്ടില്ല. റിയാദ് നഗരത്തിെൻറ വടക്കുഭാഗമായ തുവൈഖിലെ ഒരു കെട്ടിടത്തിലാണ് വെള്ളിയാഴ്ച രാവിലെ അഗ്നിബാധ ഉണ്ടായത്. ബഹുനില കെട്ടിടത്തിെൻറ ഏറ്റവും താഴത്തെ നിലയിലാണ് ദുരന്തമുണ്ടായത്. സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പ് ആണ് ഇത്. അപകട സമയത്ത് 45 തൊഴിലാളികൾ ഉണ്ടായിരുന്നു. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് മുറിക്കുള്ളിൽ നിറഞ്ഞ കനത്ത പുക ശ്വസിച്ചാണ് മരണം. അടുക്കള ഭാഗത്ത് നിന്നാണ് തീയുണ്ടായത് എന്ന് കരുതുന്നു.
സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ നിരവധി അഗ്നിശമന സേന യൂനിറ്റുകൾ എത്തി രക്ഷാപ്രവർത്തനം നടത്തിയാണ് കെട്ടിടത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. സുരക്ഷാവിഭാഗങ്ങളുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം നിരവധി ജീവനുകൾ രക്ഷിക്കാനായി. കെട്ടിടത്തിലെ പല മുറികളിൽ കുടുങ്ങിപ്പോയ ആളുകളെ സുരക്ഷിതരായി പുറത്ത് എത്തിക്കുകയായിരുന്നു. അതിനിടയിൽ മുറികൾക്കുള്ളിൽ നിറഞ്ഞ പുക ശ്വസിച്ച് നിരവധിയാളുകൾ അവശരാവുകയായിരുന്നു. പലരും സംഭവസ്ഥലത്താണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൗ കെട്ടിടത്തിൽ ആകെ 54 ആളുകൾ താമസിക്കുന്നുണ്ടെന്നും ഇത് ഇൗ കെട്ടിടത്തിന് താങ്ങാൻ കഴിയാത്തതാണ് എന്നും സിവിൽ ഡിഫൻസ് റിയാദ് റീജനൽ വക്താവ് മേജർ മുഹമ്മദ് അൽഹമാദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.