ഹാജിമാരുടെ ആദ്യ സംഘം നാളെ എത്തും; വീണ്ടും ഹജ്ജിനൊരുങ്ങി പുണ്യനഗരികൾ
text_fieldsമദീന: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കെ അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പുണ്യനഗരികളിൽ നാളെ മുതൽ എത്തിത്തുടങ്ങും.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ് ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം എത്തുന്നത്. ഇതോടെ ഈ വർഷത്തെ ഹജ്ജ് സീസന് തുടക്കമാവും. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരാണ് നാളെ പുലർച്ചെ ആദ്യം എത്തുന്നത്. ഹൈദരാബാദിൽ നിന്നും 285 തീർത്ഥാടകരുമായെത്തുന്ന സൗദി എയർലൈൻസിന്റെ 3753 നമ്പർ വിമാനം രാവിലെ 5.15 മണിക്ക് മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. 5.35 ന് ഡൽഹിയിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ 3767 വിമാനത്തിലും 285 തീർത്ഥാടകരെത്തും. ആദ്യ സംഘങ്ങളെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സൗദി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിക്കും. വിവിധ മലയാളി സന്നദ്ധ പ്രവർത്തകവും ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തും.
10 വിമാനങ്ങളിലായി 3,000ത്തിലേറെ ഹാജിമാരാണ് നാളെ ഇന്ത്യയിൽ നിന്നും എത്തുന്നത്. തുടർന്നുള്ള ദിനങ്ങളിലും തീർഥാടകരുടെ വരവ് തുടരും. ഇന്തോനേഷ്യയും പാകിസ്താനും കഴിഞ്ഞാൽ ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ. 1,75,025 ഇന്ത്യക്കാർക്കാണ് ഇത്തവണ അവസരം ലഭിച്ചത്. ഇവരിൽ 1,40,020 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തുക. 35,005 ഹാജിമാർ വിവിധ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജിനെത്തും.
മദീനയിൽ ഇറങ്ങുന്ന ഹാജിമാർ ഹജ്ജ് കഴിഞ്ഞ് ജിദ്ദ വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാർക്കുള്ള മുഴുവൻ സൗകര്യങ്ങളും മക്കയിലും മദീനയിലും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി മുക്തേഷ് കെ. പരദേശി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവർ കഴിഞ്ഞ ദിവസം ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മദീനയിലും ജിദ്ദയിലും നേരിട്ട് സന്ദർശിച്ചു ഉറപ്പു വരുത്തിയിരുന്നു.
18,019 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നും ഇപ്രാവശ്യം എത്തുന്നത്. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരിൽ നിന്നായിരിക്കും. കൊച്ചിയിൽ നിന്നുള്ള ആദ്യ സംഘം 26നും കണ്ണൂരിൽ നിന്ന് ജൂൺ ഒന്നിനുമാണ് പുറപ്പെടുക. കേരളത്തിൽ നിന്നും ജിദ്ദ വഴിയായിരിക്കും ഇത്തവണ ഹാജിമാരെത്തുക. ഹജ്ജ് കഴിഞ്ഞ് ഇവരുടെ മടക്കം മദീന വഴിയായിരിക്കും. ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ ഹാജിമാരെ സ്വീകരിക്കാനും ആവശ്യമായ സേവനങ്ങൾ നൽകാനും വിവിധ മലയാളി സംഘടനാ വളണ്ടിയർമാർ രംഗത്തുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.