സൗദിയിൽ നിർമിച്ച ആദ്യത്തെ ‘ഡ്രോൺ’ പറന്നു
text_fieldsബുറൈദ: സൗദിയിൽ നിർമിച്ച ആദ്യത്തെ ‘ഡ്രോണി’ന്റെ പറക്കലിന് ബുറൈദ നഗരം ബുധനാഴ്ച സാക്ഷിയായി. ബുറൈദയിലെ യുനൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ‘അൽ അരീദ്’ എന്ന ഡ്രോണിന്റെ ഉദ്ഘാടന പറത്തൽ ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിശ്അലാണ് നിർവഹിച്ചത്.
ബുറൈദയിലെ രണ്ടാം വ്യവസായ നഗരത്തിലെ ഡ്രോൺ ഫാക്ടറി ആസ്ഥാനത്തിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സൈനിക, പ്രതിരോധ, സുരക്ഷ വ്യവസായങ്ങളിൽ വൈദഗ്ധ്യമുള്ള ഖുദ്റ ഹോൾഡിങ് ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളിലൊന്നാണ് ഇത്.
പ്രദേശത്ത് ഡ്രോണുകൾ നിർമിക്കുന്ന ഫാക്ടറി കണ്ടതിൽ അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് സൈനിക നിർമാണം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശിയുടെ നിർദേശങ്ങളുടെ ഫലമാണിത്. അത്തരം വികസിത വ്യവസായങ്ങൾക്ക് അദ്ദേഹമാണ് റോഡ് മാപ്പ് വരച്ചത്.
‘വിഷൻ 2030’ അനുസരിച്ച്, സൈനിക വ്യവസായവൽകരണത്തിന്റെ തോത് ഉയർത്തുക, സൈനിക വ്യവസായങ്ങൾ സ്വദേശിവത്കരിക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയെക്കുറിച്ചുള്ള കിരീടാവകാശിയുടെ അഭിലാഷം ഉദ്ഘാടനത്തോടൊപ്പമുള്ള ദൃശ്യാവതരണത്തിലും വാക്കുകളിലും കാണുകയും കേൾക്കുകയും ചെയ്തു.
ഇത് സ്വയംപര്യാപ്തതക്ക് മാത്രമല്ല, ഭാവിയിൽ ഡ്രോണുകൾ നിർമിച്ച് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുന്നു. ഗുണനിലവാരമുള്ള ഈ ഫാക്ടറി സ്ഥാപിക്കുന്നതിന് ഖുദ്റ ഹോൾഡിങ് ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ റിയാദ് അൽ സാമിലിന് ഗവർണർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഫാക്ടറിയിലെ യുവ സൗദി എൻജിനീയർമാരും മാനേജർമാരും അഭിമാനമാണെന്നും ഗവർണർ പറഞ്ഞു. ഉദ്ഘാടന ശേഷം ഫാക്ടറിയുടെ ഉയർന്ന സജ്ജീകരണങ്ങളും ദേശീയ കൈകളാൽ ഡ്രോണുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയും ഗവർണർ കണ്ടു.
സൈനിക വ്യവസായങ്ങളിലെ സൗദിയുടെ ദിശ, ഈ മേഖലയിൽ ഫാക്ടറി നടത്തുന്ന ശ്രമങ്ങൾ, അസാധ്യമായത് സാധ്യമാക്കുന്നതിന് നിക്ഷേപകരുമായും മറ്റ് കക്ഷികളുമായും സൈനിക വ്യവസായങ്ങൾക്കായുള്ള ജനറൽ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങളുടെ സംഘാടനം, നിരവധി അവസരങ്ങളിൽ ഫാക്ടറി നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ചുള്ള ഒരു ദൃശ്യാവതരണം ഗവർണർ കണ്ടു. സൈനിക വ്യവസായങ്ങളുടെ ജനറൽ അതോറിറ്റി ഗവർണർ എൻജി. അഹമ്മദ് അൽ ഒഹ്ലിയുടെ സാന്നിധ്യത്തെ ഗവർണർ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.