റമദാനിലെ ആദ്യ ജുമുഅയിൽ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു
text_fieldsജിദ്ദ: റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിനെത്തിയവരാൽ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു. കോവിഡ് മുൻകരുതൽ നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള റമദാനിലെ ആദ്യത്തെ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമടക്കം ലക്ഷങ്ങളാണ് ഇരുഹറമുകളിലും എത്തിയത്.
ആരോഗ്യ സുരക്ഷക്കാവശ്യമായ എല്ലാ മുൻകരുതലുകളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. ഹറമിലേക്ക് വരുന്നവർ മാസ്ക് ധരിക്കണമെന്ന് കർശന നിർദേശമുണ്ട്. ശുചീകരണത്തിനും അണുമുക്തമാക്കലിനും കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ചെയ്തു. ഇതിനായി റോബോട്ടുകളെയും സജ്ജീകരിച്ചു. തിരക്ക് മുൻകൂട്ടി കണ്ട് മക്ക ഹറമിൽ നൂറിലധികം കവാടങ്ങൾ തുറന്നിട്ടു. മത്വാഫും താഴത്തെനിലയും ചില കവാടങ്ങളും ഉംറ തീർഥാടകർക്ക് മാത്രമാക്കിയത് അർക്ക് വലിയ ആശ്വാസമായി.
സുരക്ഷ, ട്രാഫിക്, ആരോഗ്യ രംഗത്തും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ഹറമിലേക്കും തിരിച്ചുമുള്ള സഞ്ചാരം സുഗമമാക്കാൻ ഉംറ സുരക്ഷാസേനക്ക് കീഴിൽ കൂടുതലാളുകൾ ഹറമിനുള്ളിലും മുറ്റങ്ങളിലും നിലയുറപ്പിരുന്നു. ഹറമിനടുത്ത് വാഹനതിരക്ക് കുറക്കാൻ വിവിധ ഭാഗങ്ങളിലൊരുക്കിയ പാർക്കിങ് കേന്ദ്രങ്ങളിലേക്ക് തീർഥാടകരുടെ വാഹനങ്ങൾ തിരിച്ചുവിട്ടു. പ്രവേശന കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് ആളുകളെ ഹറമിലേക്കും തിരിച്ചുമെത്തിക്കുന്നതിന് ബസ് സർവിസും ഒരുക്കിയിരുന്നു.
മസ്ജിദുൽ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. വിവിധ മേഖലകളിൽ സ്വയം മാറാനുള്ള അവസരമാണ് റമദാനെന്ന് അൽസുദൈസ് ഖുതുബയിൽ പറഞ്ഞു. ഇസ്ലാമിക സമൂഹം ഏറെ ആഹ്ലാദിക്കുന്ന ഒന്നാണ് റമദാന്‍റെ വരവ്. കാരണം അത് മറ്റ് മാസങ്ങളെപോലെയല്ല. പുണ്യങ്ങളുടെ സുഗന്ധം പറത്തുന്ന മാസമാണ്. സമൃദ്ധമായ അനുഗ്രഹങ്ങളുടെയും ഔദാര്യപ്രകടനങ്ങളുടെയും മികച്ച ദിനരാത്രങ്ങളാണ്. ആത്മസംസ്കരണത്തിനും ദൈവത്തിലേക്ക് കൂടുതലടുക്കാനുമുള്ള മാസമാണ്. ആത്മാർഥമായ പശ്ചാത്താപത്തിലൂടെ വിശുദ്ധ മാസത്തെ എല്ലാവരും സ്വാഗതം ചെയ്യണം. ഖുർആനും നബിചര്യയും മുറുകെ പിടിക്കാനും ഭിന്നതകളും സംഘർഷങ്ങളും ഉപേക്ഷിച്ച് പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഠിനാധ്വാനം ചെയ്യാനുമുള്ള അവസരം കൂടിയാണ് റമദാൻ. ആത്മവിചാരണ നടത്താനും കർമങ്ങൾ മികച്ചതാക്കാനുമുള്ള അനുഗ്രഹീത ദിനങ്ങളാണ്. സമൂഹ മാധ്യങ്ങൾ റമദാന്‍റെ പവിത്രത കാത്തുസൂക്ഷിക്കണം. മതത്തിന്‍റെയും രാജ്യത്തിന്റെയും സംരക്ഷണത്തിനായി സമൂഹ മാധ്യങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അൽസുദൈസ് പറഞ്ഞു.
മസ്ജിദുന്നബവിയിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുൽ ബാരി അൽസുബൈത്തി നേതൃത്വം നൽകി. റമദാൻ ഖുർആൻ പാരായണത്തിന്‍റെയും പഠനത്തിന്‍റെയും കാലമാണെന്നും ഖുർആനുമായുള്ള ബന്ധം അതിന്‍റെ വയനക്കാരെ അനന്തമായ ആനന്ദത്താൽ പോഷിപ്പിക്കുന്നുവെന്നും ഇമാം പറഞ്ഞു. മുസ്ലിംകളുടെ അവസ്ഥകൾ, അവരുടെ ശക്തിയുടെ ഘടകങ്ങൾ, അവരുടെ മുന്നേറ്റം, അഭിമാനം എന്നിവയിലേക്ക് ഖുർആൻ വെളിച്ചം വീശുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. റമദാനിലും മറ്റു മാസങ്ങളിലും ഖുർആൻ പഠിക്കുന്നവർ കണ്ടെത്തുന്ന സ്വാദും മാധുര്യവും അവന്‍റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. ചിന്തയെ ശുദ്ധീകരിക്കുന്നു. വിശ്വാസം വർധിപ്പിക്കുന്നു. ഹൃദയത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഖുർആനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അവനെ പ്രചോദിപ്പിക്കുകയും ജീവിതം മുഴുവൻ വിശ്വാസവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസം എന്നത് വികാരങ്ങൾ മാത്രമല്ല, മറിച്ച് വാക്കും പ്രവർത്തനവുമാണെന്ന് ഖുർആൻ അതിന്‍റെ സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ടെന്നും ഇമാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.