റമദാനിലെ ആദ്യ ജുമുഅ; ഭക്തിസാന്ദ്രം മക്ക, മദീന ഹറമുകൾ
text_fieldsമക്ക: ഈ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ മക്ക, മദീന ഹറമുകളിലെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. രാവിലെ മുതൽ ഇരുഹറമുകളിലേക്ക് ജുമുഅയിൽ പെങ്കടുക്കാൻ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മക്ക മസ്ജിദുൽ ഹറാമിൽ തീർഥാടകരും രാജ്യവാസികളുമടക്കം ജുമുഅ നമസ്കാരത്തിനായി അണിനിരന്നപ്പോൾ ഹറമിെൻറ അകവും പുറവും വിശ്വാസികളുടെ മഹാസംഗമമായി. ഇടനാഴികളും നിലകളും മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.
റോഡുകളിലേക്ക് വരെ നിര നീണ്ടു. അടുത്തിടെ പൂർത്തിയാക്കിയ മൂന്നാം സൗദി വിപുലീകരണ നിലകളെല്ലാം വലിയ തിരക്കിനാണ് സാക്ഷ്യംവഹിച്ചത്.
ജുമുഅ ദിവസത്തിലെ തിരക്ക് മുൻകൂട്ടി കണ്ട് തീർഥാടകർക്കാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിയിരുന്നു. പ്രായം കൂടിയവരുടെ യാത്രക്ക് ഗോൾഫ് വണ്ടികൾ അടക്കം 5000ത്തോളം വണ്ടികൾ സജ്ജമാക്കിയിരുന്നു. ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്കായി 4000 പേരാണുള്ളത്.
സഞ്ചാരം എളുപ്പമാക്കാൻ മുഴുവൻ കവാടങ്ങളും തുറന്നിട്ടുണ്ട്. ഉംറ തീർഥാടകർക്ക് പ്രത്യേക കവാടങ്ങൾ നിശ്ചയിച്ച് മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. സുരക്ഷ, ട്രാഫിക് രംഗത്ത് പഴുതടച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. മുറ്റങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ആളുകളുടെ സഞ്ചാരം നിയന്ത്രിച്ചു. തിരക്ക് കുറക്കാൻ രാവിലെ മുതൽ ഹറമിനടുത്ത് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.
ഉംറ തീർഥാടകരെയും വഹിച്ചുവന്ന വാഹനങ്ങൾ മാത്രമാണ് ഹറമിനടുത്ത റോഡുകളിലേക്ക് കടത്തിവിട്ടത്. ആരോഗ്യ മന്ത്രാലയത്തിെൻറയും മുനിസിപ്പാലിറ്റിയുടെയും സേവനങ്ങൾക്കായി കൂടുതൽ ആളുകളെ നിയോഗിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നിരവധി സ്കൗട്ടുകളും സന്നദ്ധ പ്രവർത്തകരും അണിനിരന്നു.
മസ്ജിദുൽ ഹറാമിൽ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി. ഔദാര്യത്തിെൻറയും വിനയാന്വിതനായി സ്വയം മനസ്സിനെ സംസ്കരിക്കുന്നതിെൻറയും മാസമാണ് റമദാനെന്ന് ജുമുഅ പ്രസംഗത്തിൽ ഇമാം പറഞ്ഞു.
റമദാനിലെ കർമങ്ങളുടെ പ്രധാനി നോമ്പാണ്. ദൈവത്തിനല്ലാതെ മറ്റാർക്കും കാണാൻ കഴിയാത്ത, മറഞ്ഞിരിക്കുന്ന ആരാധനയാണ് നോമ്പ്. അതിെൻറ പ്രഭാവം ആത്മാവിലേക്കും അവസ്ഥകളിലേക്കും ദിവസങ്ങളിലേക്കും വ്യാപിക്കുന്നുവെന്നും ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
മസ്ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്കാരത്തിൽ ലക്ഷങ്ങളാണ് പെങ്കടുത്തത്. സന്ദർശകർക്കും മദീന നിവാസികൾക്കും ജുമുഅ നമസ്കാരം നിർവഹിക്കാനുള്ള എല്ലാ ഒരുക്കവും മസ്ജിദുന്നബവി കാര്യാലയം ഒരുക്കിയിരുന്നു.
ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ആണ് ജുമുഅക്ക് നേതൃത്വം നൽകിയത്. നോമ്പ് ധാർമികതക്കുള്ള പരിശീലനമാണെന്ന് ജുമുഅ പ്രസംഗത്തിൽ ഇമാം പറഞ്ഞു.
ഏറ്റവും മനോഹരമായ ധാർമികതയെയും ശുദ്ധമായ കർമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും മോശമായ ഗുണങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പ്രചോദനമാകണം നമ്മുടെ നോമ്പ്. ഈ മാസത്തിെൻറ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാനും അതിെൻറ ശുദ്ധമായ ഗുണങ്ങൾ ഉൾക്കൊള്ളാനും പരിശ്രമിക്കണമെന്നും വിശ്വാസികളെ ഇമാം ഉദ്ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.