ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന്
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂൺ 22 വരെ വിദേശ തീർഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി തീർഥാടകരെ സൗദിയിലെത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് നൽകി. വിദേശങ്ങളിൽനിന്ന് തീർഥാടകരുമായി എത്തുന്ന വിമാനങ്ങൾ ഹാജിമാരെ ഇറക്കിയതിനുശേഷം രണ്ടു മണിക്കൂറിൽ കൂടുതൽ വിമാനത്താവളത്തിൽ തങ്ങാൻ അനുവദിക്കില്ല. തീർഥാടകരെ തിരിച്ചു കൊണ്ടുപോകുമ്പോൾ മൂന്നു മണിക്കൂർ വരെ വിമാനങ്ങൾക്ക് വിമാനത്താവളത്തിൽ തങ്ങാം. എന്നാൽ, നാനൂറോ അതിലധികമോ യാത്രക്കാരെ വഹിക്കുന്ന വിമാനമാണെങ്കിൽ ഇത് നാലു മണിക്കൂർ വരെ അനുവദിക്കും.
കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് ഇതിൽ മാറ്റംവന്നേക്കാം. തീർഥാടകരുടെ മടങ്ങിപ്പോക്ക് ഉറപ്പുവരുത്താൻ ദേശീയ, വിദേശ വിമാന കമ്പനികളോട് ബാങ്ക് ഗാരന്റി ആവശ്യപ്പെടാൻ അതോറിറ്റിക്ക് അവകാശമുണ്ടായിരിക്കും. തീർഥാടകരുടെ യാത്ര സംബന്ധിച്ച ഷെഡ്യൂളിന് വിമാനക്കമ്പനികൾ നേരത്തേതന്നെ അതോറിറ്റിയിൽനിന്ന് അംഗീകാരം വാങ്ങിയിരിക്കണം. തീർഥാടകരെ എത്തിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന വിമാനങ്ങളിലും ഷെഡ്യൂളുകളിലുമല്ലാതെ മറ്റു സർവിസുകളിൽ തീർഥാടകരെ എത്തിക്കാനോ തിരിച്ചയക്കാനോ പാടില്ല. തീർഥാടകരെ സാധാരണ യാത്രക്കാരിൽനിന്ന് വേർപെടുത്തണമെന്നും അവരുടെ ലഗേജ് ഉത്ഭവസ്ഥാനത്തുനിന്നുതന്നെ വ്യക്തമായ നിറങ്ങൾകൊണ്ട് അടയാളപ്പെടുത്തിയിരിക്കണമെന്നും അതോറിറ്റി അറിയിച്ചു.
ഹജ്ജ് വിമാനങ്ങളെ സ്വീകരിക്കാൻ നിയുക്ത വിമാനത്താവളങ്ങളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം. എയർ ട്രാൻസ്പോർട്ട് സംവിധാനങ്ങളെക്കുറിച്ച് പരിചിതനായ ഒരു മാനേജറെ കമ്പനികൾ വിമാനത്താവളത്തിൽ നിയമിക്കണം. തീർഥാടകർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള കുത്തിവെപ്പ് നടപടികൾ പൂർണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തീർഥാടകർ സൗദിയിലെത്തിയതിനുശേഷം മൂന്നു മാസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.