‘ഫസ്റ്റ് ഹൗസ്’; കഅ്ബയെക്കുറിച്ച് 10 ഭാഷകളിൽ പ്രദർശനമേളക്ക് മക്കയിൽ തുടക്കം
text_fieldsമക്ക മസ്ജിദുൽ ഹറമിൽ ഒരുക്കിയ കഅ്ബയെക്കുറിച്ചുള്ള ‘ഫസ്റ്റ് ഹൗസ്’ പ്രദർശനത്തിൽനിന്ന്
മക്ക: പ്രവാചകൻ ഇബ്രാഹിമിന്റെ കാലം മുതൽ ഇന്നുവരെയുള്ള വിവിധ കാലഘട്ടങ്ങളിലെ കഅ്ബയുടെ നിർമാണ ഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘ഫസ്റ്റ് ഹൗസ്’ എന്ന പ്രദർശനപരിപാടിക്ക് മക്ക മസ്ജിദുൽ ഹറാമിൽ തുടക്കം കുറിച്ചു.ഇരുഹറം കാര്യാലയങ്ങൾക്കുള്ള ജനറൽ പ്രസിഡൻസിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
മസ്ജിദുൽ ഹറാം പള്ളിയുടെ മൂന്നാം വിപുലീകരണ ഭാഗത്ത് നടക്കുന്ന പരിപാടിയിൽ ദൃശ്യപ്രദർശനങ്ങൾ, മൂവി ഗ്രാഫിക്സ്, ചരിത്രപരമായ കലാരൂപങ്ങൾ എന്നിവയിലൂടെ കഅ്ബയുടെ നിർമാണഘട്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി 10 ഭാഷകളിൽ സവിശേഷ അവസരമാണ് സന്ദർശകർക്കും തീർഥാടകർക്കും ഒരുക്കിയിരിക്കുന്നത്. വിവിധ സ്ക്രീനുകൾ ഉപയോഗിച്ച് അറബിയിലും ഇംഗ്ലീഷിലും വിവരങ്ങൾ പകർന്നുനൽകുന്നുമുണ്ട്.
കഅ്ബയുടെ വിവിധ സവിശേഷതകളിലേക്ക് വെളിച്ചംവീശുന്ന നിരവധി പ്രധാന തീമുകളും പ്രദർശനത്തിലുണ്ട്. കഅ്ബയുടെ നിർമാണം, കാലങ്ങളായി അതിന് സംഭവിച്ച മാറ്റങ്ങൾ, അതിന്റെ അറ്റകുറ്റപ്പണികളിലും കഴുകലിലും ഉപയോഗിച്ച ഉപകരണങ്ങൾ, ആവരണം (കിസ്വ) നിർമാണത്തിന്റെ ഘട്ടങ്ങൾ എന്നിവ അതിലുൾപ്പെടുന്നു.
തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും ഇരു ഹറമുകളുടെയും കഅ്ബയുടെയും ചരിത്രം വിശ്വാസികൾക്ക് പരിചയപ്പെടുത്തുന്നതിനുമുള്ള ഇരു ഹറം കാര്യാലയ ജനറൽ പ്രസിഡൻസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രദർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.