സൗദിയിൽ ആദ്യ ഹൈഡ്രജൻ ബസ് നിരത്തിലിറങ്ങി
text_fieldsറിയാദ്: സൗദിയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് നിരത്തിലിറങ്ങി. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-അൽ അഹ്സ റൂട്ടിൽ സർവിസ് നടത്തും. അൽ അഹ്സ ഗവർണർ അമീർ സഊദ് ബിൻ തലാൽ ബിൻ ബദ്ർ പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തു. ബസ് ദമ്മാം നഗരത്തെ അൽഅഹ്സ ഗവർണറേറ്റ് ഭൂപരിധിയുമായി പ്രതിദിനം ആകെ 359 കിലോമീറ്റർ ദൂരത്തിൽ ബന്ധിപ്പിക്കും. സൗത്ത് കൺസഷൻ ഏരിയയിൽ ലൈസൻസുള്ള സാറ്റ് കമ്പനി നടത്തുന്ന ഇന്റർസിറ്റി ട്രാൻസ്പോർട്ട് സർവിസുകളുടെ ഭാഗമായാണ് ഹൈഡ്രജൻ ബസ് പുറത്തിറക്കിയത്.
ഒറ്റ ചാർജിൽ 635 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബസിൽ 45 പേർക്ക് യാത്ര ചെയ്യാനാകും. ഹൈഡ്രജൻ ബസുകൾ എങ്ങനെ പ്രവർത്തിക്കുന്നു, ഇന്ധനം നൽകുന്ന സംവിധാനം, അവയുടെ സുരക്ഷ നിലവാരം, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള സംഭാവന എന്നിവ വിശദീകരിക്കുന്ന പ്രസന്റേഷൻ ഉദ്ഘാടന വേളയിൽ ഗവർണറുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. തുടർന്ന് ഗവർണർ ഗവർണറേറ്റ് ഭൂപരിധിയിലുടനീളം ബസിൽ യാത്ര ചെയ്തു.
കാർബൺ ബഹിർഗമനം കുറക്കുന്നതിന് സഹായിക്കുന്ന നവീകരണത്തെ പിന്തുണക്കുന്നതിനും സുസ്ഥിരമായ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണമെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് പറഞ്ഞു. ഗതാഗതത്തിനും ലോജിസ്റ്റിക്സിനും വേണ്ടിയുള്ള ദേശീയ പദ്ധതിക്ക് അനുസൃതമാണിത്. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗത മേഖല വികസിപ്പിക്കുന്നതിനും പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി തുടർന്നും പ്രവർത്തിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിതെന്നും അൽ റുമൈഹ് പറഞ്ഞു.
പ്രാദേശിക, ആഗോള തലങ്ങളിൽ സൗദിയുടെ മത്സരശേഷി ഉയർത്തുന്നതിന് ഇതു സംഭാവന ചെയ്യും. സർക്കാർ ഏജൻസികളും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഈ പരീക്ഷണം നടത്തുന്നത്. അൽമജ്ദൂഇ കമ്പനി, ഹൈഡ്രജൻ ബസിന്റെ വിതരണക്കാരായ ഹ്യുണ്ടായ്, ഹൈഡ്രജൻ വിതരണ സ്റ്റേഷന്റെ ഓപറേറ്റർമാരും സൂപർവൈസർമാരുമായ സൗദി അരാംകോ, എയർ പ്രൊഡക്ട്സ് എന്നിവ പങ്കാളികളിൽ ഉൾപ്പെടും. ടാങ്കറുകൾ വഴി അബ്ദുല്ല ഹാഷിം കമ്പനി ഹൈഡ്രജൻ വാതകം വിതരണം ചെയ്യുന്നുവെന്നും അൽ റുമൈഹ് പറഞ്ഞു.
രാജ്യത്ത് ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനായി അതോറിറ്റി ആരംഭിച്ച നൂതന പദ്ധതികളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും തുടർച്ചയായാണ് ഹൈഡ്രജൻ ബസ് വരുന്നത്. ഹൈഡ്രജൻ ട്രെയിനിന്റെ ആദ്യ ഓപറേറ്റിങ് ലൈസൻസ് അതോറിറ്റി നേരത്തെ സൗദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) കമ്പനിക്ക് കൈമാറിയിരുന്നു. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പൊതു ടാക്സി ജിദ്ദ നഗരത്തിൽ ആരംഭിച്ചു. ഇപ്പോഴിതാ അൽഅഹ്സ ഗവർണറേറ്റിൽ നടന്ന ചടങ്ങിൽ ആദ്യത്തെ ഹൈഡ്രജൻ ബസിന്റെ ഉദ്ഘാടനം നടന്നിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ സൗദിയുടെ മുൻനിര സംരംഭങ്ങൾക്ക്, പ്രത്യേകിച്ച് സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന് അനുസൃതമായി ഗതാഗത മേഖലയിലെ സുസ്ഥിരതയെ പിന്തുണക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെല്ലാമെന്നും അൽറുമൈഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.