ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം ഇന്ന് മക്കയിൽ
text_fieldsമക്ക: ഇന്ത്യയിൽനിന്നെത്തിയ ആദ്യ ഹജ്ജ് തീർഥാടകർ ചൊവ്വാഴ്ച മക്കയിലെത്തും. ആദ്യ വിമാനങ്ങളിലെത്തിയ തീർഥാടകരാണ് മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്കെത്തുന്നത്.
ഈ മാസം 21ന് മദീനയിലെത്തിയ കൊൽക്കത്ത, ജയ്പുർ, ലഖ്നോ എന്നിവിടങ്ങളിൽനിന്നുള്ള 1,400 തീർഥാടകരാണ് ചൊവ്വാഴ്ച മക്കയിലെത്തുക. ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിലാണ് മദീനയിൽനിന്ന് ഹാജിമാരെ മക്കയിൽ എത്തിക്കുന്നത്. മക്കയിൽ അസീസിയിലാണ് ഇന്ത്യൻ ഹാജിമാർക്കുള്ള താമസം ഒരുക്കിയിട്ടുള്ളത്. എട്ടുദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ മക്കയിലേക്ക് പുറപ്പെടുന്നത്.
പ്രഭാത നമസ്കാരവും പ്രാർഥനയും നിർവഹിച്ചു, യാത്ര പുറപ്പെടാൻ തയാറാകണമെന്നാണ് മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ തീർഥാടകരെ അറിയിച്ചിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിലും എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാരെ മക്കയിലെത്തിക്കും.
ഇന്ത്യയിൽനിന്ന് മദീനയിലെത്തിയ ഹാജിമാർ, പ്രവാചക ഖബറിടവും മദീനയിലെ മറ്റു പുണ്യ കേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു. മദീനയിൽ ഹറമിന് പരിസരത്തെ മർകസിയ ഏരിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയത്. മക്കയിലെ അസീസിയിലാണ് ഇന്ത്യൻ ഹജ്ജ് മിഷനു കീഴിലുള്ള മുഴുവൻ ഹാജി മാർക്കും താമസ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ ബിൽഡിങ്ങുകളിൽ നമ്പർ പതിക്കുന്നതും മറ്റുമായ അവസാന ഘട്ട തയാറെടുപ്പുകള് പൂർത്തീകരിച്ചുകഴിഞ്ഞു. മക്കയിൽ ഹാജിമാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
മക്കയിൽ ആദ്യമെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ മലയാളി സന്നദ്ധ പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു. ഇന്നുമുതൽ തന്നെ ഹാജിമാർക്ക് ഹറമിൽ പോയി വരാനുള്ള ട്രാൻസ്പോർട്ടേഷൻ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മക്കയിലെത്തുന്നമുറക്ക് ഹാജിമാർ ഉംറക്കായി ഹറമിലേക്ക് പുറപ്പെടും. മദീന വഴി എത്തുന്ന ഹാജിമാർ ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് ഈ മാസം നാലിന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.