'ജ്വൽ ഓഫ് സൗദി'; ആദ്യ അന്താരാഷ്ട്ര ബി ടു ബി ജ്വല്ലറി ആൻഡ് മെഷിനറി പ്രദർശനം നാളെ മുതൽ ജിദ്ദയിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ആദ്യ അന്താരാഷ്ട്ര ബി ടു ബി ജ്വല്ലറി ആൻഡ് ജ്വല്ലറി ആഭരണ നിർമാണ മെഷിനറി പ്രദർശനം 'ജ്വൽ ഓഫ് സൗദി' നാളെ (ശനി) മുതൽ മൂന്ന് ദിവസം ജിദ്ദയിൽ നടക്കും. മക്ക ചേംബർ ഓഫ് കോമേഴ്‌സിന്റെയും ഗോൾഡ് സിറ്റി സെന്ററിന്റെയും പിന്തുണയോടെ ജിദ്ദയിലെ അറേബ്യൻ ഹൊറിസൺ ഇവന്റ് മാനേജ്‌മെന്റ് കമ്പനി, ഇന്ത്യയിൽ ജ്വല്ലറി ഡിസൈനിങ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന ജെംസ് ആൻഡ് ജ്വല്ലറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് കെ.എൻ.സി സർവിസസ് സംഘടിപ്പിക്കുന്ന പ്രദർശനം ജിദ്ദ നുസ്‌ഹ ഡിസ്ട്രിക്ടിലെ അന്താരാഷ്ട്ര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് നടക്കുക.
ഏറ്റവും കൂടുതൽ സ്വർണം വിനിമയം ചെയ്യപ്പെടുന്ന രാജ്യമാണ് സൗദി അറേബ്യ. 100ഓളം ആഭരണ നിർമാണ ഫാക്ടറികൾ സൗദിയിൽ ഉണ്ടെങ്കിലും ഈ രംഗത്തെ പുതിയ ടെക്നോളജികൾ ഉപയോഗിക്കുന്നതിൽ ഈ ഫാക്ടറികൾ എല്ലാം തന്നെ പിറകിലാണ്. അതിനാൽ പുതിയ ആഭരണ ഡിസൈനുകളിൽ വലിയൊരു ശതമാനം രാജ്യത്തിന് പുറത്തു നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ ആഭരണ നിർമാണ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും ഏറ്റവും പുതിയ മെഷിനറികളും പരിചയപ്പെടുത്തുക എന്നതാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
തുർക്കി, ജർമനി, ചൈന, ഇന്ത്യ, യു.എ.ഇ, ശ്രീലങ്ക, തായ്‌ലൻഡ്, സ്വിറ്റ്‌സർലൻഡ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആഭരണങ്ങളിലും യന്ത്രസാമഗ്രികളിലും വിദഗ്ധരായ 85ഓളം കമ്പനികളും സൗദിക്കകത്ത് നിന്നുള്ള 10 കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കും. സൗദിക്ക് പുറമെ അയൽ രാജ്യങ്ങളായ ജോർദാൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഈ രംഗത്തെ സംരംഭകരും പ്രദർശനത്തിൽ പങ്കെടുക്കും. പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030ന്റെ സുപ്രധാന ഘടകമായ 'മേക്ക് ഇൻ സൗദി' ആശയമാണ് ഇങ്ങിനെയൊരു പ്രദർശനത്തിന് മുതിരാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
വിജ്ഞാന വിനിമയം, വ്യാപാര പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന, സ്വർണത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ഗൾഫ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഈ പ്രദർശനം ഒരു വേദിയാകും. ആഭരണ വ്യവസായത്തിൽ എണ്ണമറ്റ നിക്ഷേപ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്ന രീതിയിലാണ് ബി ടു ബി ജ്വല്ലറി ആൻഡ് മെഷിനറി പ്രദർശനം ഒരുക്കിയിരിക്കുന്നത്. സ്വർണാഭരണ രംഗത്ത് നിലവിൽ ഉപയോഗിക്കാത്ത വിപണികൾ പര്യവേക്ഷണം ചെയ്യാനും പുതിയ സംരംഭങ്ങൾ സ്ഥാപിക്കാനും സൗദി സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് സംഭാവന നൽകാനും പ്രദർശനത്തിൽ പങ്കെടുക്കുന്നതിലൂടെ സംരംഭകർക്ക് അവസരം നൽകുന്നു.
പ്രദേശത്തെ ആഭരണ വ്യവസായത്തിന്റെ സമ്പന്നത പ്രദർശിപ്പിക്കുക മാത്രമല്ല, ആഗോള ആഭരണ വിപണിയുടെ ഭാവി രൂപപ്പെടുത്തുന്ന സഹകരണങ്ങൾ സുഗമമാക്കുകയും ചെയ്യുന്നുണ്ട് പ്രദർശനം എന്നും സ്വർണാഭരണ രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസ് സംരംഭകരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പ്രദർശനമെന്നും സംഘാടകർ അറിയിച്ചു.
കെ.എൻ.സി സർവിസസ് സ്ഥാപക ക്രാന്തി നാഗ്വേക്കർ, സൗദി ഗോൾഡ് ആൻഡ് ഡയമണ്ട് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലി ബതാഫി കിന്ദി, അറേബ്യൻ ഹൊറിസൺ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ചെയർമാൻ സാക്കിർ ഹുസ്സൈൻ വലിയകത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി ഡയറക്ടർ അബ്ദുൽ കരീം കോൽത്തൊടി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.