സംസ്കാരപ്പെരുമയുടെ കേളികൊട്ടുത്സവം; പ്രഥമ സൗദി-ഇന്ത്യ സാംസ്കാരിക മഹോത്സവം അരങ്ങേറി
text_fieldsജിദ്ദ: അറബ് -ഇന്ത്യ സൗഹൃദപ്പെരുമയുടെ അഞ്ച് സഹസ്രാബ്ദങ്ങള്‍ നെഞ്ചേറ്റി ചരിത്രത്തിലാദ്യമായി നടന്ന സൗദി-ഇന്ത്യ സാംസ്കാരിക മഹോത്സവത്തിന് ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവും (ജി.ജി.ഐ) ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്ത്യന്‍ സ്കൂളിലാണ് അഞ്ചര മണിക്കൂറോളം നീണ്ട സാംസ്കാരികോത്സവം ഒരുക്കിയത്. അറബ്-ഇന്ത്യന്‍ സംസ്കാരങ്ങളുടെ സമ്പന്നമായ പൈതൃകവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്നവയായിരുന്നു പരിപാടികള്‍. സംഘാടകരുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് ആബാലവൃദ്ധം ഇന്ത്യന്‍ പ്രവാസികളും നൂറുക്കണക്കിന് സൗദി പൗരന്മാരും ഒഴുകിയെത്തിയപ്പോൾ, സ്കൂള്‍ ഓഡിറ്റോറിയവും അങ്കണവും നിറഞ്ഞുകവിഞ്ഞു.
അറബ് കലാകാരന്മാരോടൊപ്പം ഇന്ത്യന്‍ കൗമാരപ്രതിഭകളും ഒരുക്കിയ കലാവിരുന്ന് ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളും മതിമറന്നാസ്വദിച്ചു. പൗരാണികകാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്കാരിക വിനിമയത്തിെൻറയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ക്ക് ദൃശ്യാവിഷ്കാരമേകിക്കൊണ്ട് 5,000 വര്‍ഷത്തെ അറബ് -ഇന്ത്യ ബന്ധത്തിെൻറ നാള്‍വഴികളിലേക്കും തങ്കത്താളുകളിലേക്കും വെളിച്ചം വിതറിയ ഡോക്യുമെൻററി, വിനോദത്തോടൊപ്പം കാണികൾക്ക് വിജ്ഞാനവിരുന്നുമായി.
‘അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ’ എന്നശീര്‍ഷകത്തില്‍ നടന്ന ഉത്സവത്തിൽ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യപ്രഭാഷണം നടത്തി. 5,000 വര്‍ഷത്തിലേക്ക് നീളുന്ന ഇന്ത്യ, അറബ് ചരിത്രവും സംസ്കാരവും സൗഹൃദപ്പെരുമയും സംബന്ധിച്ച പാഠങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കണമെന്നും ഭാവിയിലേക്കുള്ള ഈടുവെപ്പായി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഷാഹിദ് ആലം നിര്‍ദേശിച്ചു. അറബ്-ഇന്ത്യ സൗഹൃദപ്പെരുമയുടെ പൊന്നേടുകള്‍ തേച്ചുമിനുക്കി പ്രദീപ്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളമായി ജി.ജി.ഐ ഭാരവാഹികൾ നടത്തുന്ന ഭഗീരഥയത്നങ്ങളുടെ പരിണിതഫലമായാണ് സൗദിയുടെ ചരിത്രത്തിലാദ്യമായി ഇത്തരമൊരു മഹോത്സവം. ജി.ജി.ഐയുടെ ഈ നീക്കം ഏറെ ശ്ലാഘനീയമാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഉദ്ഘാടന സെഷനില്‍ ജി.ജി.ഐ പ്രസിഡൻറ് ഹസന് ചെറൂപ്പ സ്വാഗതവും ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. കോൺസൽ ജനറലിന്റെ പത്നി ഡോ. ഷക്കീല ഷാഹിദ്, മക്കയിലെ സൗലത്തിയ മദ്റസ ജനറല്‍ സൂപ്പര്‍വൈസറും മലൈബാരിയ മദ്റസ സൂപ്പര്‍വൈസറുമായ ആദില്‍ ഹംസ മലൈബാരി, മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ്, അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ്, ഇഫത്ത് യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജ് ഡീന്‍ ഡോ. അകീല സാരിറെറ്റെ, ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി അസി. പ്രഫ. ഡോ. ഗദീര്‍ തലാല്‍ മലൈബാരി എന്നിവര്‍ അതിഥികളായി സംബന്ധിച്ചു.
ഫെസ്റ്റിവൽ കോണ്‍സുലേറ്റ് കോഓഡിനേറ്റര്‍ കൂടിയായ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, മീഡിയ കള്‍ചര്‍ കോണ്‍സല്‍ മുഹമ്മദ് ഹാഷിം, അബീര്‍ മെഡിക്കല്‍ ഗ്രൂപ് പ്രസിഡൻറും ജി.ജി.ഐ രക്ഷാധികാരിയുമായ മുഹമ്മദ് ആലുങ്ങല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡൻറ് ഡോ. ജംഷിത്ത് അഹമ്മദ്, ക്ലസ്റ്റര്‍ അറേബ്യ സി.ഇ.ഒയും ജി.ജി.ഐ ഉപ രക്ഷാധികാരിയുമായ റഹീം പട്ടര്‍കടവന്‍, അതാഉല്ല ഫാറൂഖി, ശൈഖ് അബ്ദുറഹീം മൗലാന, മുഹമ്മദ് സഈദ് മലൈബാരി, അബ്ദുറഹ്മാന് അബ്ദുല്ല യൂസുഫ് ഫദ്ല് മലൈബാരി, ലുലു ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, ഇഗ്നോ റീജനല്‍ സെൻറര്‍ ജനറല്‍ മാനേജര്‍ റിയാസ് മുല്ല, ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്മാന് പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്, പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്, അബ്ദുല്ല ഹാഷിം കമ്പനി ജനറല്‍ മാനേജര്‍ അസീസുറബ്ബ്, ഇന്‍സാഫ് കമ്പനി ജനറല്‍ മാനേജരും ജി.ജി.ഐ വൈസ് പ്രസിഡൻറുമായ കെ.ടി. അബൂബക്കര്‍, എന്കൻഫോര്ട്ട്സ് ജനറല്‍ മാനേജര്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍ എന്നിവര്‍ അതിഥികളായിരുന്നു.
200 ലേറെ അറബ്, ഇന്ത്യന്‍ കലാപ്രതിഭകളുടെ മിന്നും പ്രകടനം ആസ്വാദകരുടെ മനം കവരുന്നതായിരുന്നു. സൗത്തുല്‍ മംലക്ക ഫോക് ആര്‍ട്സ് ട്രൂപ്പിെൻറ കണ്ണഞ്ചിപ്പിക്കുന്ന തനത് സൗദി നൃത്തരൂപങ്ങള്‍ സദസ്സിനെ ഇളക്കിമറിച്ചു. ഫാദി സഅദ് അല്‍ഹൗസാവിയുടെ നേതൃത്വത്തില്‍ 16 അംഗ സംഘം ബഹ്രി, മിസ്മാരി, കുബെത്തി, ദോസരി, ഖത്വ ജനൂബിയ എന്നീ അഞ്ചിനം പാരമ്പര്യ സംഗീത നൃത്തരൂപങ്ങളുമായി തിമിര്‍ത്താടിയപ്പോള്‍ സദസ്സും താളത്തിനൊത്ത് നൃത്തംവെച്ചു. കോണ്‍സല്‍ ജനറല്‍ അടക്കമുള്ള അതിഥികളും അവരോടൊപ്പം ചുവടുവെച്ചു. ഇന്ത്യന്‍ കുരുന്നു പ്രതിഭകള്‍ക്കൊപ്പം മുതിര്‍ന്ന കലാകാരന്മാരും അരങ്ങില്‍ വിസ്മയപ്രകടനം നടത്തി. ഭരതനാട്യം, ഗുജറാത്തി, പഞ്ചാബി, രാജസ്ഥാനി, കാശ്മീരി നൃത്തങ്ങള്‍, കേരള നടനം, വെല്‍ക്കം ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, മാർഗംകളി, ദഫ് മുട്ട്, ഒപ്പന, കോല്‍ക്കളി, സൂഫി ഡാന്‍സ്, ഖവാലി ഡാന്‍സ് എന്നീ പരമ്പരാഗത ഇന്ത്യന്‍ നൃത്തരൂപങ്ങളും മാപ്പിള കലാരൂപങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. മിർസ ശരീഫ്, കമാൽ പാഷ, സിക്കന്ദർ, മുംതാസ് അബ്ദുറഹ്മാൻ എന്നിവരുടെ ഹിന്ദി ഗാനങ്ങളും സ്വദേശികളുൾപ്പെട്ട സദസ്സ് നന്നായാസ്വദിച്ചു.
ജി.ജി.ഐ ഉപരക്ഷാധികാരി അസീം സീഷാന്‍, കഹൂത്ത് പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച ക്വിസ് പ്രോഗ്രാം വേറിട്ട അനുഭവമായി. പ്രവിശാലമായ സ്കൂള്‍ അങ്കണത്തില്‍ 20 ഓളം സ്റ്റാളുകളിലായി ഒരുക്കിയ ബി റ്റു സി വ്യാപാരമേളയിലും ഭക്ഷണശാലകളിലും അഭൂതപൂര്‍വമായ തിരക്കായിരുന്നു. കളറിങ്, പോസ്റ്റര്‍ നിര്‍മാണ മത്സരങ്ങളില്‍ നൂറുകണക്കിന് കുരുന്നുപ്രതിഭകള്‍ മാറ്റുരച്ചു. സൗദി, ഇന്ത്യന്‍ കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു.
സ്പോണ്‍സര്‍മാര്‍, കലാവിരുന്ന് അണിയറയില്‍ ഒരുക്കിയ കൊറിയോഗ്രഫറും ജി.ജി.ഐ ലേഡീസ് വിങ് കണ്‍വീനറുമായ റഹ്മത്ത്, മുഹമ്മദ് ആലുങ്ങല്‍, സുമിജ സുധാകരൻ, അക്ഷയ അനൂപ്, ജയശ്രീ പ്രതാപൻ, ഫെനോം, ഗുഡ്ഹോപ് ആര്‍ട്ട്സ് അക്കാദമികൾ, കോൽക്കളി ടീം പി.എസ്.എം കോളജ് അലുമ്നി, ദഫ്മുട്ട് സംഘം കലാലയം സാംസ്കാരിക വേദി, മീര്‍ ഗസന്‍ഫര്‍ അലി സാകി, അവതാരകരായ മാജിദ് അബ്ദുല്ല അല്‍യാസിദെ, ഹബീബാ യാസ്മിനി എന്നിവര്‍ക്ക് മെമൻറോയും കലാപ്രതിഭകള്‍ക്ക് ട്രോഫിയും കോണ്‍സല്‍ ജനറല്‍ സമ്മാനിച്ചു.
ജലീല്‍ കണ്ണമംഗലം, അല്‍മുര്‍ത്തു, കബീര്‍ കൊണ്ടോട്ടി, അബു കട്ടുപ്പാറ, സാദിഖലി തുവ്വൂര്‍, അരുവി മോങ്ങം, ചെറിയ മുഹമ്മദ് ആലുങ്ങല്‍, ശിഫാസ്, എ.എം. അബ്ദുല്ലക്കുട്ടി, നൗഫല്‍ പാലക്കോത്ത്, ഇബ്രാഹിം ശംനാട്, ഹുസൈന് കരിങ്കറ, നജീബ് പാലക്കോത്ത്, എം.സി. മനാഫ്, മുബശ്ശിര്‍, ഹഷീര്‍, നൗഷാദ് താഴത്തെവീട്ടില്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, സുബൈര്‍ വാഴക്കാട്, ആയിഷ റുഖ്സാന ടീച്ചര്‍, നാസിറ സുല്‍ഫിക്കര്‍, ജുവൈരിയ ടീച്ചര്‍, ഫാത്തിമ തസ്നി ടീച്ചര്‍, ജെസ്സി ടീച്ചര്‍, റഹ്മത്ത് ടീച്ചര്‍, ഷബ്ന കബീര്‍, റുഫ്ന ഷിഫാസ്, ഷിബ്ന ബക്കര്‍, നുജൈബ ഹസന് എന്നിവർ ഉത്സവ സംഘാടനത്തിന് നേതൃത്വമേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.