‘ദ ചോയ്സ്’ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം സംഘടിപ്പിച്ചു
text_fieldsജുബൈൽ: പൂർണമായും സൗദിയിൽ ചിത്രീകരിച്ച ‘ദ ചോയ്സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം ജുബൈലിൽ സംഘടിപ്പിച്ചു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സേവന മേഖലയിലെ പ്രമുഖരാണ് പ്രദർശനം കാണാൻ എത്തിയത്. ‘ത്രീയെസ് നോർത്ത് വെസ്റ്റ്’ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച് ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ എൻ. സനിൽകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജൂലൈ അവസാനത്തോടെ റിലീസ് ചെയ്യും.
ഛായാഗ്രഹണം സഫയർ മുഹമ്മദും എഡിറ്റിങ് അൻസിൽ അഷ്റഫും പോസ്റ്റർ ഡിസൈനിങ് ദേവരാജനുമാണ് നിർവഹിച്ചിരിക്കുന്നത്. വിത്സൻ ജോസഫ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ നവീനാണ്. നൂഹ് പാപ്പിനിശ്ശേരിയും സാബു മേലതിലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം പാകിസ്താൻ സ്വദേശിയായ മുഷ്താഖ് അഹമ്മദും അഭിനയിച്ചു. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തെ സൗദിയുടെ വ്യത്യസ്തമായൊരു പശ്ചാത്തലത്തിൽ മികവാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഹ്രസ്വചിത്രമാണ് ‘ദ ചോയ്സ്’ എന്ന് ആദ്യ പ്രദർശനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ടി.സി. ഷാജി, ഉസ്മാൻ ഒട്ടുമ്മൽ, അഷ്റഫ് മൂവാറ്റുപുഴ, ഉമേഷ് കളരിക്കൽ, ശിഹാബ് കായംകുളം, നജീബ് നസീർ, ഉണ്ണി ഷാനവാസ്, ഡോ. ജൗഷീദ്, ജയൻ തച്ചമ്പാറ, നിസാം യാക്കൂബ്, സുബൈർ നടുത്തോടി മണ്ണിൽ, പി.കെ. നൗഷാദ്, സതീഷ് കുമാർ, മനോജ് നായർ, ശിവദാസ് ഭാസ്കർ, ശിഹാബ് പെരുമ്പാവൂർ, മുർഷിദ് കാക്കേരി, അജ്മൽ, നജീബ്, എൻ.പി. റിയാസ്, രാജേഷ് കായംകുളം, അനിൽ കുമാർ, പ്രദീപ് കണ്ണൂർ, ഇർഷാദ് നിലമേൽ, അൻഷാദ്, സുജിത് മാത്യു, പി.ജെ. തോമസ്, നൗഫൽ, ഷൈജു, സുരേഷ്, മഹേന്ദ്രൻ, ജയകുമാർ, തോമസ് മാത്യു മമ്മൂടൻ, ബിനു കോശി, ബൈജു അഞ്ചൽ, ജമീല നൂഹ്, രഹ്ന സഫയർ തുടങ്ങിയവർ സംസാരിച്ചു. എൻ. സനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. സഫയർ മുഹമ്മദ് നിയന്ത്രിച്ചു.
സാബു മേലതിൽ അവതാരകനായിരുന്നു. നൂഹ് പാപ്പിനിശ്ശേരി സ്വാഗതവും വിത്സൺ ജോസഫ് നന്ദിയും പറഞ്ഞു. എൻ. സനിൽകുമാറിന്റെ രചനയിൽ കേരളത്തിൽ ചിത്രീകരിച്ച ‘ഒരു നിറകൺ ചിരിയിൽ’ എന്ന ഹ്രസ്വചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. അനസ് പത്തനംതിട്ട സംവിധാനം ചെയ്ത ഈ ചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.