ആദ്യ റമദാൻ രാവിൽ ഇരുഹറമുകളിലെയും താറാവീഹ് നമസ്കാരത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ
text_fieldsജിദ്ദ: ഇരുഹറമുകളിലും നടന്ന റമദാനിലെ ആദ്യ തറാവീഹ് നമസ്കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. കർശനമായ പ്രതിരോധ മുൻകരുതൽ പാലിച്ചാണ് ഇരുഹറമുകളിലും തറാവീഹ് നമസ്കാരം നടന്നത്. അനുമതി പത്രമുണ്ടെന്ന് ഉറപ്പുവരുത്തിയും ശരീരോഷ്മാവ് പരിശോധിച്ച ശേഷവുമാണ് ആളുകളെ ഹറമിലേക്ക് കടത്തിവിട്ടത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് വേണ്ട പ്രതിരോധ മുൻകരുതൽ നടപടികൾ ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. ശുചീകരണത്തിനും അണുമുക്തമാക്കുന്നതിനും കൂടുതൽ ആളുകളെ നിയോഗിച്ചിരുന്നു.
മസ്ജിദുൽ ഹറാമിലെ തറാവീഹ് നമസ്കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. ഇശാ നമസ്കാരശേഷം നടത്തിയ പ്രസംഗത്തിൽ കോവിഡ് വ്യാപനം തടയാൻ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രധാന്യം തീർഥാടകരെയും നമസ്കരിക്കാനെത്തിയവരെയും ഇരുഹറം കാര്യാലയ മേധാവി ഉണർത്തുകയുണ്ടായി.
മസ്ജിദുന്നബവിയിലും നിരവധി പേർ ആദ്യ തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്തു. മസ്ജിദുന്നബവി വികസന ഭാഗത്തും മുകളിലും മുറ്റങ്ങളിലും ഹസവാത്തിലുമായിരുന്നു നമസ്കാരത്തിന് സൗകര്യമൊരുക്കിയിരുന്നത്. പഴയ ഹറമിനകവും റൗദയും ജോലിക്കാർക്ക് മാത്രമായി നിശ്ചയിച്ചിരുന്നു. അനുമതി പത്ര പരിശോധനക്കും ശരീരോഷ്മാവ് അളക്കാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ആളുകളെ നിയോഗിക്കുകയും ചെയ്തിരുന്നു.
കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം റമദാനിൽ ഇരുഹറമുകളിലേക്കും പുറത്തു നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയിരുന്നു. കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്നതിനാൽ കർശനമായ മുൻകരുൽ നടപടികളോടെ തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും സ്വീകരിക്കാനുള്ള പദ്ധതികളാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇരുഹറം കാര്യാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്. കോവിഡ് കുത്തിവെപ്പെടുത്തവർക്ക് മാത്രമാക്കി ഇരുഹറമുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉംറക്കും ഹറമിലെ നമസ്കാരത്തിനും മദീന സന്ദർശനത്തിനും മുൻകൂട്ടി അനുമതി നേടിയിരിക്കണമെന്നും വ്യവസ്ഥ നിശ്ചയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.