സൗദി വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഉത്സവം പ്രദേശവാസികളുടെ പൈതൃകമേളയാണ്
text_fieldsജിസാൻ : സൗദിയിലെ ദ്വീപുകളുടെ റാണിയെന്ന് അറിയപ്പെടുന്ന ജിസാനിലെ പടിഞ്ഞാറൻ ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഫറസാൻ ദ്വീപിലെ 20-മത് ഹരീദ് മീനുത്സവം സമാപിച്ചു. പ്രദേശത്തെ തനതായ ആചാരങ്ങളും പാരമ്പര്യങ്ങളും നാടോടികളികളും മേളയോടനുബന്ധിച്ചു നടന്നു. പാരമ്പര്യ മീൻപിടിത്ത ഉപകരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പ്രദർശനവുമടക്കം വിവിധ പരിപാടികൾ സന്ദർശകർക്ക് ദ്വീപുകളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കാഴ്ചാനുഭവം സമ്മാനിച്ചു. വ്യാഴാഴ്ചയായിരുന്നു മേളയുടെ തുടക്കം. ചെങ്കടലിൽ സാധാരണകാണാറുള്ള ഹരീദ് മത്സ്യങ്ങൾ കടൽതീരങ്ങളിൽ കണ്ടുവരുന്നതോടെയാണ് ഈ പാരമ്പര്യ മീൻപിടിത്ത ആഘോഷത്തിന് കളമൊരുങ്ങുന്നത്.
ഏപ്രിൽ മാസത്തിന്റെ അവസാനത്തിലോ മേയ് മാസത്തിന്റെ തുടക്കത്തിലോ ഈ മത്സ്യങ്ങൾ തീരത്തോട് അടുത്തുവരാറുള്ളത്. ജലത്തിന്റെ ആഴം കുറഞ്ഞ ഉപരിതലത്തിൽ മത്സ്യത്തിന്റെ വർണാഭമായ ചെതുമ്പലുകളിൽ നിന്നും സൂര്യരശ്മിയുടെ പ്രതിഫലനത്തിൽ നിന്നും മത്സ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും മീൻപിടിത്തത്തിനു തുടക്കം കുറിക്കുകയും ചെയ്യുന്ന പതിവാണിവിടെ. കേരളത്തിലെ 'കിളിമീനി' നോട് സാമ്യമുള്ള മത്സ്യമാണ് ഹരീദ്. എല്ലാ വർഷവും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുമിച്ചു കൊണ്ടുവരുന്ന ഹരീദ് ഫെസ്റ്റിവൽ ഈ മേഖലയിലെ ഒരു പ്രധാന വിനോദസഞ്ചാര ഉത്സവമായി മാറിയിരിക്കുന്നു. ഹരീദ് ആഘോഷത്തിനു മാറ്റുകൂട്ടാൻ നിരവധി പ്രാദേശിക കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയുടെ സീസണിലെത്താറുള്ള സന്ദർശകർ ഫറസാൻ ദ്വീപിലെ വാദി മതർ, അൽ ഖസ്ർ ഗ്രാമം, ബൈത് അൽ ജർമൽ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള മറ്റു സ്ഥലങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്. ഫറസാന്റെ ശ്രദ്ധേയമായ ടൂറിസം സാധ്യതകളിലും ചരിത്രപരമായ സ്ഥലങ്ങളിലും ഹരീദ് മീനുത്സവം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന സംവേദനാത്മക മാപ്പിൽ ഫറസാൻ ദ്വീപുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ലേഡി ഓഫ് ദി ഐലൻഡ്സ്' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രേറ്റ് ഫറസാൻ ദ്വീപ് സന്ദർശകരെ ആവോളം ആകർഷിക്കുന്ന കേന്ദ്രമാണ്. അൽ സഖീദ് (ചെറിയ ഫറസാൻ), ഖമാഹ് എന്നീ പേരുകളിൽ അറിയപ്പെടുന്നവയും 5,408 കിലോമീറ്റർ വിസ്തീർണ്മുള്ള ജനവാസമില്ലാത്ത മറ്റു ദ്വീപുകളും ഫറസാൻ ദ്വീപുകളിലുൾപ്പെടുന്നു. ഫറസാൻ ദ്വീപിന്റെ തീരപ്രദേശം 216 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. വൈവിധ്യമാർന്ന ദ്വീപുകളിൽ ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് ഫറസാൻ ദ്വീപ്. ഈ മനോഹരമായ ദ്വീപിലെ പുരാവസ്തു ഗവേഷണത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ചരിത്രം ബി.സി ഒന്നാം നൂറ്റാണ്ടു മുതലുള്ളതാണ്. ഈ അത്ഭുതകരമായ ദ്വീപുകളിലെ നാഗരികതകൾ റോമാക്കാർ, ഓട്ടോമൻമാർ,അറബികൾ തുടങ്ങിയ വിവിധ സമൂഹങ്ങളിൽ നിന്ന് ഉടലെടുത്തതാണ്. പവിഴപ്പുറ്റുകൾകൊണ്ട് നിർമിതമായ 84 ലധികം ദ്വീപുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ദ്വീപാണ് ഫറസാൻ. കൗതുകകരമായ കാഴ്ച്കളുടെയും അതീവ പുരാവസ്തു പ്രാധാന്യമുള്ള ശേഷിപ്പുകളുടെയും വേറിട്ട ദൃശ്യങ്ങൾ ദ്വീപ് സന്ദർശകർക്ക് ഏറെ ഹൃദ്യത പകരുന്നു. അഭിവൃദ്ധിയുടെ ചാരുതയുള്ള ദ്വീപ് നിരവധി ചരിത്ര നിർമിതികളുടെയും പഴമയുടെയും തനത് രൂപങ്ങൾ നിലനിർത്തുന്ന കേന്ദ്രം കൂടിയാണ്.
എല്ലാവർഷവും ദ്വീപിൽ ആഘോഷമാക്കുന്ന ഹരീദ് മീനുത്സവം ഫറസാൻ നിവാസികൾക്ക് അവരുടെ പരമ്പരാഗത കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള അവസരം കൂടി നൽകുന്നു. സന്ദർശകർക്ക് മത്സ്യബന്ധന കെണികളുടെയും വലകളുടെയും നിർമാണം, പനയോലകളുടെ സങ്കീർണമായ നെയ്ത്ത്, ബാഗുകളും റഗ്ഗുകളും സൃഷ്ടിക്കൽ, തൊപ്പി നെയ്ത്ത് എന്നിവ മേളയിൽ കാണാം . ഹരീദ് മത്സ്യം പിടിക്കാൻ ഒരു പ്രത്യേക സ്ഥലം നിർണയിച്ചുകൊടുത്ത് നിശ്ചിത സമയത്ത് കൂടുതൽ മീൻ പിടിക്കുന്ന മത്സരമാണ് മേളയിലെ മുഖ്യ ആകർഷകം. കുടുംബങ്ങൾക്കും കുട്ടികൾക്കുമൊക്കെ മത്സരത്തിൽ പങ്കെടുക്കാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാരമ്പര്യ മത്സരം ഇന്നും കൈവിടാതെ ദ്വീപിൽ നടക്കുന്നു. ഹരീദ് മത്സ്യത്തെ പിടിക്കുന്നതിന്റെ ആവേശം സന്ദർശകർക്ക് ഏറെ ഹൃദ്യമായ കാഴ്ച്കളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.