മത്സ്യത്തിന് ക്ഷാമം: വിപണിയിൽ പൊള്ളുംവില
text_fieldsദമ്മാം: ലഭ്യത കുറഞ്ഞതോടെ വിപണിയിൽ മത്സ്യങ്ങൾക്ക് പൊള്ളുന്ന വില. മാസങ്ങളായി തുടരുന്ന മത്സ്യക്ഷാമം കൂടുതൽ രൂക്ഷമാവുന്നതിനാലാണ് വില വർധന. ഗൾഫ് മേഖലയിൽ കടലിലെ ചൂട് അസാധാരണമാംവിധം അധികരിച്ചതും മത്സ്യബന്ധനം മുമ്പത്തേത് പോലെ ഫലപ്രദമല്ലാതായതുമാണ് മാന്ദ്യത്തിന് കാരണം. ആഗസ്റ്റ് ആരംഭത്തിൽ ചെമ്മീൻ സീസൺ തുടങ്ങുന്നതിനാൽ ചെറുകിട മത്സ്യബന്ധനം നടക്കാത്താതും ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ചെമ്മീൻ ചാകരക്കായുള്ള തയാറെടുപ്പിലായതിനാൽ മത്സ്യത്തൊഴിലാളികൾ ചെറു മത്സ്യങ്ങളെ പിടിക്കാത്തതും വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ഇൗ മേഖലയിലെ വിദഗ്ധർ പറഞ്ഞു. വലകളും യന്ത്രവത്കൃത ബോട്ടുകളുമെല്ലാം ചെമ്മീൻ ചാകരക്കായുള്ള മുന്നൊരുക്കങ്ങളിലായതിനാലാണ് കടലിലിറങ്ങാത്തത്.
കൂടാതെ, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, വലിയ വലകളും മറ്റും ഉപയോഗിച്ചുള്ള അനിയന്ത്രിതമായ മത്സ്യ ബന്ധനം എന്നീ കാരണങ്ങളാലെല്ലാം ആഗോള തലത്തിൽ തന്നെ സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞതായി അടുത്തിടെ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മത്സ്യ ലഭ്യത കുറഞ്ഞതിനാൽ വിപണിയിൽ പൊള്ളുന്ന വിലയാണ്. മലയാളിയുടെ ഇഷ്ട ഇനങ്ങളായ മത്തി, അയല എന്നിവയുടെ ലഭ്യതയിലും കുറവുണ്ട്. മത്തിയുടെ വില കിലോഗ്രാമിന് നാലിൽ നിന്ന് എട്ടും അയലയുടേത് 15 ൽ നിന്ന് 20 റിയാലുമായാണ് വർധിച്ചിരിക്കുന്നത്. സ്വദേശികൾ ധാരാളമായി വാങ്ങുന്ന ശേരിയുടെ വില കിലോഗ്രാമിന് 25 റിയാലുള്ളത് 40 ആയും 75 റിയാലുളള ഹമൂറിന് 80 ആയുമായാണ് വർധിച്ചത്. സുലഭമായി ലഭിച്ചിരുന്ന ഇത്തരം ഇനങ്ങളുടെ വരവ് കുറഞ്ഞതോടെ മത്സ്യം വാങ്ങാതെ ഉപഭോക്താക്കൾ മടങ്ങുന്ന അവസ്ഥയുമുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ആഗസ്റ്റ് ആദ്യവാരം െചമ്മീൻ ചാകരയുടെ സീസൺ തുടങ്ങുന്നതോടെ വിപണിയിൽ ഉണർവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.