മത്സ്യകൃഷിയിൽ സ്വയം പര്യാപ്തരാകാൻ സൗദി അറേബ്യ
text_fieldsദമ്മാം: വിഷൻ 2030െൻറ ഭാഗമായി മത്സ്യകൃഷിയിൽ സ്വയം പര്യാപ്തമാകാനുള്ള തയാറെടുപ്പിലാണ് അറേബ്യ. 350 മില്യൺ ഡോളറാണ് സൗദി ഫിഷറീസ് വകുപ്പ് മത്സ്യകൃഷിയിൽ വികസനത്തിനായി മുതൽമുടക്കുന്നത്. 2030 ആകുമ്പോഴേക്കും ആറുലക്ഷം ടൺ വാർഷിക ഉൽപാദനമാണ് ലക്ഷ്യം. അക്വാ കൾചർ രംഗത്ത് രാജ്യം പുരോഗതി കൈവരിക്കുന്നതായി നാഷനൽ ഫിഷറീസ് ഡവലപ്മെൻറ് പ്രോഗ്രാം സി.ഇ.ഒ അലി അൽഷെയ്ഖി പറഞ്ഞു. 2016ലെ 27000 ടണ്ണിൽനിന്ന് 2018ൽ 77000 ടൺ വാർഷിക ഉൽപാദനമായി ഉയർന്നിട്ടുണ്ട്.
മത്സ്യകൃഷിയിൽ സ്ഥിരത നിലനിർത്താനാവുകയില്ലെങ്കിലും രാജ്യത്തെ വർധിച്ചുവരുന്ന കടൽ ഭക്ഷണാവശ്യങ്ങൾ ഒരു പരിധിവരെ നികത്താനാവുമെന്ന് കരുതുന്നു. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. പ്രാദേശിക കമ്പോളങ്ങൾ, ഹാച്ചറീസ്, മത്സ്യത്തീറ്റകളുണ്ടാക്കുന്ന കമ്പനികൾ, റിസർച് ആൻഡ് ഡവലപ്മെൻറ് മേഖലകൾ എന്നിവ വികസനപദ്ധതിയുടെ ഭാഗമാണ്. 2800 കി.മീറ്റർ സമുദ്രതീരമുള്ള സൗദി അറേബ്യക്ക് മത്സ്യകൃഷിയിൽ സാധ്യതകൾ അനന്തമാണ്. തബൂക്ക് മുതൽ ജീസാൻ വരെ 12 പ്രമുഖ കമ്പനികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.പുതിയ നിക്ഷേപകരെ ആകർഷിക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ അഗ്രികൾചറൽ ഡവലപ്മെൻറ് ഫണ്ട്, സൗദി ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് ഫണ്ട് തുടങ്ങിയ ഏജൻസികളും നിക്ഷേപകരായുണ്ട്. സമീപഭാവിയിൽ മത്സ്യകൃഷി രംഗത്ത് പുതിയ കാൽവെപ്പുകൾ നടത്താനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.