മലയാളികളുൾപ്പടെ അഞ്ച് ഇന്ത്യൻ വീട്ടുജോലിക്കാർ ദുരിതപർവത്തിനൊടുവിൽ നാടണഞ്ഞു
text_fieldsദമ്മാം: രണ്ട് മലയാളികളുൾപ്പടെ അഞ്ച് ഇന്ത്യൻ വീട്ടുജോലിക്കാരികൾ തൊഴിലിടങ്ങളിലെ ദുരിതജീവിതത്തിൽ നിന്നും മോചനം നേടി നാട്ടിലേക്ക് മടങ്ങി. കൊല്ലം പത്തനാപുരം സ്വദേശിനിയായ റഹ്മത്ത് ബീവി (54), ആലപ്പുഴ സ്വദേശിനി ആഷാ ജോർജ് (39), യു.പി ബിജ്നൊർ സ്വദേശിനി ഷബ്നം ജഹാൻ (39), മധ്യപ്രദേശ് ഭോപ്പാൽ സ്വദേശിനി ഫിർദോസ് ജഹാൻ (49), തെലങ്കാന ഹൈദരാബാദ് സ്വദേശിനി വാസീം ബീഗം (39) എന്നിവരാണ് സൗദി അറേബ്യയിൽനിന്ന് നിയമക്കുരുക്കഴിച്ച് നാടണഞ്ഞത്.
റഹ്മത്ത് ബീവി മൂന്ന് വർഷമായി സ്വദേശിയുടെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും നാട്ടിൽ അവധിക്ക് പോകാൻ അനുവദിക്കാതിരുന്നതോടെ അവിടെനിന്ന് രക്ഷപ്പെട്ട് റിയാദിലെ ഇന്ത്യൻ എംബസ്സിയെ അഭയം പ്രാപിക്കുകയായിരുന്നു. ബികോം ബിരുദധാരിയായ ആലപ്പുഴ സ്വദേശിനി ആഷാ ജോർജ് നാട്ടിലെ ഏജൻറുമാരുടെ ചതിയിൽ പെട്ടാണ് വീട്ടുജോലിക്കാരിയുടെ വിസയിൽ സൗദിയിലെത്തിയത്. മാനസികവും ശാരീരികവുമായി ഉപദ്രവം സഹിക്കാനാവതെ യുവതി എംബസിയിൽ എത്തുകയായിരുന്നു. രണ്ടു മാസത്തോളം എംബസിയുടെ വനിത ഗാർഹികജോലിക്കാരുടെ അഭയകേന്ദ്രത്തിൽ കഴിഞ്ഞു. ഉത്തരേന്ത്യക്കാരായ മറ്റു മൂന്ന് പേരും സമാനമായ സാഹചര്യങ്ങൾ നേരിട്ട് എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു.
എംബസിയുടെ ജീവകാരുണ്യ വളൻറിയർ സംഘാംഗമായ മഞ്ജു മണിക്കുട്ടനും മണിക്കുട്ടൻ പദ്മനാഭെൻറയും നേതൃത്വത്തിൽ ഇവരെ നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകായിരുന്നു. റിയാദിൽ വെങ്കിടേഷാണ് ഇതിന് സഹായിച്ചത്. എല്ലാ നടപടികളും പൂർത്തിയാകുന്നതുവരെ താമസസൗകര്യങ്ങളടക്കം ഇവർ തന്നെ ഒരുക്കി നൽകി. വനിതകളുടെ കദനകഥയറിഞ്ഞ് ചില റസ്റ്റോറൻറ് ഉടമകളായ മലയാളികളും ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തു. അനീഷ്, കമാൽ, മുഹമ്മദ്, ഷംനു എന്നിവർ നാട്ടിൽ കൊണ്ടുപോകാൻആവശ്യമായ സാധനങ്ങളും സമ്മാനങ്ങളും മറ്റും വാങ്ങി നൽകി.
തങ്ങൾക്ക് നിയമപരമായ സംരക്ഷണവും സഹായവും വിമാന ടിക്കറ്റും നൽകിയ ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകർക്കും നന്ദി പറഞ്ഞ് അഞ്ച് വനിതകളും കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങി. ഇനി മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ് വിസ പ്രതീക്ഷിച്ച് അഭയകേന്ദ്രത്തിൽ കഴിയുന്നുണ്ട്. ഒരാളുടെ ഇഖാമയുടെ കാലാവധി അവസാനിച്ചതാണ്. മറ്റൊരാൾ തൊഴിലുടമ നൽകിയ പരാതിയിലാണ് ഏഴ് മാസമായി നിയമകുരുക്കിലായിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ നിയമനടപടികൾ പൂർത്തീകരിച്ച് രേഖകൾ ശരിയാക്കി മൂവരേയും നാട്ടിലയക്കാനാവുമെന്ന് മഞ്ജു മണിക്കുട്ടനും മണിക്കുട്ടൻ പദ്മനാഭനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.