അഞ്ച് മാസമായി തീവ്രപരിചരണത്തിൽ, നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം; മലയാളി റിയാദിൽ മരിച്ചു
text_fieldsറിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്രപരിചരണത്തിൽ കഴിയുകയായിരുന്ന മലയാളി മരിച്ചു. കേളി കലാസാംസ്കാരിക വേദി അൽഖർജ് ഹുത്ത യൂനിറ്റ് നിർവാഹക സമിതി അംഗവും കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയുമായ മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പാളത്ത് വീട്ടിൽ രാമൻ എംബ്രാേൻ - ദേവകി ദമ്പതികളുടെ മകനാണ്.
33 വർഷമായി ഹുത്ത ബനീ തമീമിൽ മിനിലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അഞ്ച് മാസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ നിന്ന് റിയാദിലെ ശുമൈസി കിങ് സഉൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാർദ്ദനൻ പിന്നീട് പൂർണമായും കോമാ സ്റ്റേജിലായി. രണ്ട് മാസത്തെ ചികിത്സയിൽ സ്വബോധം വീണ്ടെടുത്ത ജനാർദ്ദനെ വീണ്ടും അൽഖർജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുടുംബത്തിെൻറ ആവശ്യാർഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കവേ വീണ്ടും രോഗം മൂർച്ഛിച്ചതിനാൽ റിയാദിലെ കോൺവാൽസെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു മാസം മുമ്പ് ദുബൈയിലുള്ള സഹോദരൻ റിയാദിലെത്തി ജനാർദ്ദനനെ സന്ദർശിച്ചു മടങ്ങിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. ബുധനാഴ്ച രാത്രി റിയാദിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം റോഡ് മാർഗം കണ്ണൂരിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: പ്രസീത. മക്കൾ: പൂജ, അഭിഷേക്. സഹോദരങ്ങൾ: ഉഷ, രവീന്ദ്രൻ, സുജിത്, ബിജു, പരേതനായ മധുസൂദനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.