സീറ്റുകൾ കാലിയായി പറന്നാലും ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാതെ വിമാനക്കമ്പനികൾ
text_fieldsജിദ്ദ: കണ്ണൂർ വിമാനത്താവളത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥക്കുള്ള കാരണങ്ങളിൽ പ്രധാനം വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയാണെന്ന് പ്രവാസികൾ പറയുന്നു.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾക്ക് ഉയർന്ന തോതിലുള്ള ടിക്കറ്റ് നിരക്കുകളാണ് ഈടാക്കുന്നത്. ഇക്കാരണത്താൽ അധിക പേരും യാത്രക്കായി മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. അതിനാൽ കണ്ണൂരിൽനിന്നുള്ള വിവിധ ഗൾഫ് സർവിസുകളിൽ യാത്രക്കാർ നന്നേ കുറവാണ്.
സീറ്റുകൾ കാലിയായി പറന്നാലും ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയാറാകാത്തതെന്തുകൊണ്ടാണെന്നാണ് പ്രവാസികളുടെ ചോദ്യം. കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു യാത്രക്കാർ. 28,000 മുതൽ 38,000 രൂപ വരെയാണ് ഈ സർവിസിൽ ടിക്കറ്റിന് ഈടാക്കിയിരുന്നത്.
ഈ വിമാനത്തിൽ യാത്രചെയ്ത കണ്ണൂർ സ്വദേശിയും യാംബുവിൽ സാമൂഹിക, സന്നദ്ധ പ്രവർത്തകനുമായ നാസർ നടുവിൽ വിമാനത്തിലെ കാലിയായ സീറ്റിന്റെ ദൃശ്യങ്ങളും എയർ ഇന്ത്യ പ്രവാസികളോട് പുലർത്തുന്ന അവഗണനയും സൂചിപ്പിച്ച് പകർത്തിയ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് 20,000 രൂപയിൽ താഴെ നിരക്ക് മാത്രം ടിക്കറ്റിന് ചാർജ് ചെയ്യുമ്പോഴാണ് കണ്ണൂരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതെന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ ജിദ്ദയിലേക്ക് യാത്രചെയ്യാൻ ട്രാവൽസ് വഴി ടിക്കറ്റ് ചാർജ് അന്വേഷിച്ചപ്പോൾ 30,000 രൂപ ആകുമെന്ന് അറിയിച്ചപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് 13,000 രൂപ മാത്രം നൽകിയാണ് യാത്രചെയ്തതെന്ന് ജിദ്ദ പ്രവാസിയായ സിദ്ദീഖ് കണ്ണൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കണ്ണൂരിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്ക് ആളില്ലാതെ പറക്കുമ്പോഴും ടിക്കറ്റ് അന്വേഷിക്കുന്നവരോട് ബുക്കിങ് പൂർത്തിയായി എന്ന സ്ഥിരം മൊഴിയാണ് പലപ്പോഴും ലഭിക്കാറുള്ളതെന്നും യാത്രക്കാർ പറയുന്നു. വൻ സംഖ്യ ഈടാക്കി ടിക്കറ്റ് വാങ്ങിപ്പിക്കാനുള്ള കുതന്ത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പയറ്റുന്നതെന്നും ഇക്കാരണത്താൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടും കാലിയായ സീറ്റുകളുമായി വിമാനക്കമ്പനി സർവിസുകൾ നടത്തി നഷ്ടം വിളിച്ചുവരുത്തുന്നതെന്തിനാണെന്നുമാണ് പ്രവാസികൾ ചോദിക്കുന്നത്.
കണ്ണൂരിൽനിന്ന് മിതമായ ചാർജിന് ടിക്കറ്റ് നൽകി വിമാനത്തിലെ സീറ്റുകൾ നിറയെ യാത്രക്കാരുമായി പറക്കാൻ തയാറാകാത്ത എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയിൽ ഇപ്പോൾ നാട്ടിലും പ്രവാസലോകത്തും വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.
നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകളുടെ കുറവ് വിമാനത്താവളത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. അതോടൊപ്പം വിമാന ടിക്കറ്റുകളുടെ വർധിച്ച നിരക്കുമൂലം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നത് വിമാനത്താവളത്തിന്റെ ചിറകൊടിക്കാൻതന്നെ കാരണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.