സൗദിയിൽനിന്ന് കേരളത്തിലേക്കുള്ള വന്ദേഭാരത വിമാന സർവിസുകൾ അവസാനനിമിഷം മാറ്റി
text_fieldsറിയാദ്: ബുധനാഴ്ച റിയാദിൽനിന്ന് കൊച്ചിയിലേക്കും വ്യാഴാഴ്ച ദമ്മാമിൽനിന്ന് തിരുവനന്തപുരത്തേക്കും പോകേണ്ട വന്ദേ ഭാരത് മിഷനിലെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളും അവസാന നിമിഷം തീയതി മാറ്റി. ഒരു മുന്നറിയിപ്പുമില്ലാതെയുണ്ടായ ഇൗ മാറ്റം സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് റിയാദിലും ദമ്മാമിലും എത്തിയ യാത്രക്കാരെ വലച്ചു.
ബുധനാഴ്ച റിയാദിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം ‘എ.ഐ 1932’ സാങ്കേതിക കാരണങ്ങളാൽ വെള്ളിയാഴ്ചയിലേക്കും (ജൂൺ 19) ദമ്മാമിൽനിന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് പോകേണ്ട ‘എ.ഐ 1942’ വിമാനം ശനിയാഴ്ചയിലേക്കും ആണ് മാറ്റിയത്. ഇങ്ങനെ സർവിസ് മാറ്റിയത് ചൊവ്വാഴ്ച വൈകീട്ട് മാത്രമാണ് യാത്രക്കാരെ അറിയിച്ചത്.
സൗദി അറേബ്യയിൽ രാത്രി സമയങ്ങളിലെ കർഫ്യു നിയന്ത്രണങ്ങൾ കാരണം കൊച്ചി വിമാനത്തിൽ പോകാൻ ഒരു ദിവസം മുേമ്പ റിയാദിലെത്തി ഹോട്ടലിൽ കഴിയുന്ന ഗർഭിണികളടക്കമുള്ള യാത്രക്കാരാണ് പാതിവഴിയിൽ കുടുങ്ങിയത്. ഇവരിൽ പ്രായംചെന്നവരും രോഗികളും വിസ കാലാവധി കഴിഞ്ഞ സന്ദർശന വിസക്കാരും ഉണ്ട്. കഴിഞ്ഞ ദിവസം റിയാദിൽ വൃക്ക സംബന്ധമായ അസുഖം മൂലം മരണമടഞ്ഞ മലയാളിയുടെ കുടുംബവും ഈ വിമാനത്തിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നു.
ബുറൈദ, ഹാഇൽ, ദാവാദ്മി, ഹുത്ത സുദൈർ, മജ്‌മഅ, അൽഖർജ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് റിയാദിൽ എത്തിച്ചേർന്നവർക്കാണ് തിരിച്ചുപോകാനാകാതെ അടുത്ത മൂന്ന് ദിവസം കൂടി റിയാദിൽ കഴിയേണ്ട അവസ്ഥയുണ്ടായത്.
റിയാദിൽനിന്ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പറക്കേണ്ട എ.ഐ 1932 വിമാനത്തിന് പകരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എ.ഐ 0924 വിമാനമായിരിക്കും കൊച്ചിയിലേക്ക് പറക്കുക എന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ ചുമതല നൽകിയിരുന്ന ചില ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോകേണ്ടി വന്നതിനാൽ പകരം ആളുകളെ നിയമിക്കാൻ കാലതാമസം വന്നതാണ് പ്രശ്നമായതെന്ന് എയർ ഇന്ത്യ ഓഫിസിൽനിന്ന് അറിയാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.