കൊച്ചിയിൽ നിന്നും വിമാനം വൈകി; ലണ്ടനിലേക്ക് പോകാനിരുന്ന യാത്രക്കാർ റിയാദിൽ കുടുങ്ങി
text_fieldsറിയാദ്: ശനിയാഴ്ച കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം വൈകിയതിനെ തുടർന്ന് ലണ്ടനിലേക്ക് പോകാനിരുന്ന 65-ഓളം യാത്രക്കാർ റിയാദിൽ കുടുങ്ങി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവർ വിമാനം വരുന്നതിനായി കാത്തിരിക്കുകയാണ്. ലണ്ടനിലെ ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാർക്കാണ് കണക്ഷൻ ഫ്ലൈറ്റ് നഷ്ടമായത്. കുട്ടികളും പ്രായമായവരുമടക്കം യാത്രാസംഘത്തിലുണ്ട്.
തിങ്കളാഴ്ച രാവിലെ യൂനിവേഴ്സിറ്റികളിൽ ജോയിൻ ചെയ്യേണ്ട വിദ്യാർഥികൾ ഏറെ പ്രയാസത്തിലാണ്. ഞായറാഴ്ച ഇനി വിമാനം ഇല്ലെന്നും തിങ്കളാഴ്ച കാലത്ത് പുറപ്പെടാനാകുമെന്നും അധികൃതർ അറിയിച്ചു, യാത്രികർക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി. കൊച്ചിയിൽ നിന്നും പുറപ്പെട്ട എസ്.വി. 775 വിമാനമാണ് വാതിൽ അടയാത്ത സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. ശനിയാഴ്ച രാത്രി 11 ന് ലാൻഡ് ചെയ്യാനുള്ള വിമാനം ഞായറാഴ്ച കാലത്ത് 3.15നാണ് എത്തിച്ചേർന്നത്.
തിങ്കളാഴ്ച രാവിലെ 8.10ന് പോകാനുള്ള ബോർഡിങ് പാസുമായി റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ കാത്തിരിക്കുകയാണ്. 24 മണിക്കൂറിലധികം വിമാനത്താവളത്തിൽ കഴിച്ചുകൂട്ടുക പ്രയാസമാണെന്നും അധികൃതരുടെ ഭാഗത്ത് നിന്നും അനുഭാവപൂർവമുള്ള സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും യാത്രികർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.