അബഹ ഉൾപ്പെടെ ദക്ഷിണ സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവിസ് ആവശ്യം ശക്തമാകുന്നു
text_fieldsഖമീസ് മുശൈത്: ദക്ഷിണ സൗദിയിലെ ഇന്ത്യക്കാരുടെ മടക്കയാത്രക്കും ഈ പ്രദേശങ്ങളിൽ മരിക്കുന്നവരെ നാട്ടിൽ എത്തിക്കുന്നതിനുമായി പ്രത്യേക വിമാന സർവിസ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെയുള്ള അത്യാവശ്യം നാട്ടിലേക്ക് മടങ്ങേണ്ട ഗർഭിണികളും രോഗികളുമെല്ലാം വളരെ ബുദ്ധിമുട്ടുകൾ സഹിച്ച് ബഹുദൂരം റോഡ് മാർഗം സഞ്ചരിച്ച് ജിദ്ദയിലെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവിടെ മരിച്ച രണ്ടു മൃതദേഹങ്ങൾ വളരെ ബുദ്ധിമുട്ടി ജിദ്ദയിലെത്തിച്ചാണ് ഇതിനകം നാട്ടിലെത്തിച്ചത്. ഇതിനെല്ലാം പരിഹാരമായി ദക്ഷിണ സൗദിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അബഹ വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവിസ് ഷെഡ്യൂൾ ചെയ്യണമെന്നാണ് ഈ പ്രദേശങ്ങളിലുള്ള പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. യമനുമായി അതിർത്തി പങ്കിടുന്ന ഇവിടെ നിരവധി ആശുപത്രികളും ജീസാനിലെ ബേഷ് പോലുള്ള ഇക്കണോമിക് സിറ്റികളും ഉണ്ട്. നജ്റാൻ, ബീഷ, മൊഹായിൽ, നമാസ് തുടങ്ങിയ പ്രദേശങ്ങളിൽ ജോലിയെടുക്കുന്ന സാധാരണ തൊഴിലാളികൾക്ക് വലിയ തുക മുടക്കി വിദൂരസ്ഥലങ്ങളിലുള്ള വിമാനത്താവളങ്ങളിൽ എത്തുക എന്നത് പ്രയാസകരമാണ്. നിലവിൽ സൗദിയിൽനിന്ന് ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളിൽ ഇവിടെ മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാൻ കഴിയാത്തത് മരിച്ചവരോട് കാണിക്കുന്ന നീതികേടാണെന്ന് പ്രവാസി സംഘടനകൾ പറയുന്നു.
വേണ്ടത്ര ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിൽ മൃതദേഹം ആയിരം കിലോമീറ്റർ ദൂരത്തേക്ക് എത്തിക്കുകയും അവിടെനിന്ന് കാർഗോ സാധനങ്ങളോടൊപ്പം വിവിധ രാജ്യങ്ങളിൽകൂടി അത് നാട്ടിൽ എത്തിക്കുകയും ചെയ്യുമ്പോൾ ദിവസങ്ങൾ കഴിയുന്നു. ഇതു പരിഹരിക്കാൻ അത്യാവശ്യ ശ്രമങ്ങൾ എംബസിയുടെയും കോൺസുലേറ്റിെൻറയും ഭാഗത്തുനിന്ന് ഉണ്ടാകാത്തത് വലിയ പോരായ്മയായി അവർ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാൻ പോലുള്ള ദരിദ്രരാഷ്ട്രങ്ങളിലെ പൗരന്മാരെ വരെ അവരുടെ വിമാനം അബഹയിലെത്തി നാട്ടിൽ എത്തിക്കുമ്പോഴാണ് ഇന്ത്യയുടെ സംവിധാനങ്ങൾ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന ആരോപണം ശക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.